സിനിമാ മേഖലയിലെ ലഹരി ഉപയോഗം; പൊലീസ് തടഞ്ഞില്ലെങ്കില്‍ ഇടപെടും, വേണമെങ്കില്‍ സെറ്റിലും കയറും ഡി.വൈ.എഫ്.ഐ

സിനിമാ മേഖലയില്‍ നടക്കുന്ന ലഹരി ഉപയോഗം തടയേണ്ടതാണെന്നും സിനിമാ സെറ്റിന് സ്‌പെഷ്യല്‍ പ്രിവിലേജ് ഇല്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

ലഹരിമാഫിയയെ നേരിടാന്‍ ഡി.വൈ.എഫ്.ഐ ജാഗ്രതാ സമിതികളുണ്ട്. പൊലീസിനും എക്‌സൈസിനും നിരവധി കഞ്ചാവ്, ലഹരി മാഫിയയെ പിടികൂടാന്‍ ഡി.വൈ.എഫ്.ഐ സഹായിച്ചിട്ടുണ്ട്. സിനിമാ സെറ്റില്‍ കയറാനും മടിയില്ല. തെരുവില്‍ മയക്കുമരുന്നിനെ നേരിടുന്നതു പോലെ സിനിമാ സെറ്റിലും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എ.എ റഹീം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ലഹരിക്ക് അടിമയാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെയെന്ന് പ്രൊഡ്യൂസേഴ്‌സ് വ്യക്തമാക്കണം. സിനിമാ നടീനടന്മാരുടെ സംഘടനയായ അമ്മയും ഇക്കാര്യത്തില്‍ നിശബ്ദരാവരുത്.

പുതുതലമുറയില്‍പ്പെട്ടവര്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇവരെ ഏറെക്കാലം മലയാള സിനിമയ്ക്ക് ആവശ്യമുള്ളതാണ്. വരും തലമുറയ്ക്ക് റോള്‍മോഡല്‍ ആകേണ്ടവരാണ്. ഇത്തരം സ്വഭാവ സവിശേഷതയുള്ളവരെ തിരുത്താനുള്ള നടപടികളാണ് ഉണ്ടാവേണ്ടതെന്നും റഹീം പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, വാളയാര്‍ തുടങ്ങിയ വിശയങ്ങളിലും എ.എ റഹീം നിലപാട് വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി കോളേജില്‍ മുമ്പ് നടന്നതിനെ ഞായീകരിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ക്യാമ്പസിനെ കടന്നാക്രമിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപ്പെട്ടതുകൊണ്ടാണ് ഡി.വൈ.എഫ്.ഐ സമരത്തിലിറങ്ങാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.