സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ; ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചു

 

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണം എന്നും മുഖ്യമന്ത്രി ആഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന:

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും.

വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചു വരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും “അപരാജിത” എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം.

ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ഇന്ന് നിലവിൽ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണം എന്ന് ആഭ്യർത്ഥിക്കുന്നു.