പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാനിറങ്ങുന്ന മുഖ്യമന്ത്രി ശാന്തിവനം കണ്ടില്ലായിരുന്നോ?

ആതിര അഗസ്റ്റിന്‍

ഓര്‍ക്കുമ്പോ തന്നെ എന്തൊരു സന്തോഷം ല്ലേ. നമുക്ക് ചുറ്റും പച്ച നിറത്തില്‍ തുരുത്തുകളായി മരങ്ങള്‍ ഇങ്ങനെ തലയുയര്‍ത്തി നില്‍ക്കും. അതില്‍ നോക്കി നമ്മുടെ കണ്ണുകളിങ്ങനെ തരളിതമായി കവിതകള്‍ രചിക്കും. മലീമസമായ അന്തരീക്ഷ വായു മാലിന്യം നീക്കി നമുക്കുള്ളിലേക്ക്. ആഹാ, ഓര്‍മിക്കുമ്പോ തന്നെ രോമാഞ്ച കഞ്ചുകം. ഈ പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതിന് തയ്യാറാകുമ്പോ ശാന്തിവനത്തെ മറക്കാന്‍ മലയാളികള്‍ അത്ര കണ്ട് മണ്ടന്‍മാരാണെന്ന് പറയാന്‍ കഴിയില്ല. അതിന്റെ തെളിവാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ശാന്തിവന ചര്‍ച്ച.

https://www.facebook.com/PinarayiVijayan/videos/866720637028037/

പച്ചത്തുരുത്തുകളെ കുറിച്ച് മുഖ്യമന്ത്രി പറയുമ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ശാന്തിവനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ മുഖ്യമന്ത്രി എന്ന് ചോദിക്കുന്നു.

സോഷ്യല്‍ മീഡിയയിലെ പ്രതികരണം

മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് താഴെ ശാന്തിവനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. ഉള്ളത് നശിപ്പിച്ച് പാര്‍ട്ടിക്ക് പണമുണ്ടാക്കാനാണ് ശാന്തിവനത്തിലൂടെ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് വിമര്‍ശിക്കുന്നുണ്ട് ചിലര്‍. ആദ്യം ശാന്തിവനത്തില്‍ ഇടപെട്ടിട്ട് പിന്നീട് പ്രതികരിക്കൂ എന്നാണ് ചിലരുടെ അഭിപ്രായം. ജീവിതം തന്നെ പരിസ്ഥിതിക്ക് വേണ്ടി മാറ്റിവെച്ച പി വി അന്‍വര്‍ എംഎല്‍എ യെപ്പോലുള്ളവരാണ് നമ്മുടെ ഭാഗ്യമെന്നും ചിലര്‍ കുറിക്ക് കൊള്ളുന്ന രീതിയില്‍ പറഞ്ഞ് വെയ്ക്കുന്നു. ഇങ്ങിനെ ശാന്തിവനവും പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള പരിസ്ഥിതി സ്‌നേഹവും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുകയാണ്.

ഓര്‍മയില്ലേ തിരഞ്ഞെടുപ്പ് കാലം

തിരഞ്ഞെടു്പ്പ് കാലത്ത് കത്തുന്ന സൂര്യന്‍ നേരെ തലക്ക് മുകളില്‍. തിരഞ്ഞെടുപ്പില്‍ പെട്ടെന്നാണ് ആ പേര് ആയുധമായി പൊങ്ങി വന്നത്. ശാന്തിവനം. അതുവരെ സ്വച്ഛമായി ജീവജാലങ്ങള്‍ അവരുടേതായ വാസസ്ഥലങ്ങളില്‍ ജീവിച്ചിരുന്നിടം. കെഎസ്ഇബിയുടെ 110 കെവി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനം വെട്ടിനിരത്താന്‍ തീരുമാനിക്കുന്നു.

ഓര്‍മ്മിക്കണം ഭൂമിയെ നോവിക്കാതെ, മേല്‍മണ്ണും അടിമണ്ണും ഇളക്കി മറിക്കാതെ രൂപപ്പെടുത്തിയ ശാന്തിവനം ചര്‍ച്ചകളില്‍ ഇടംപിടിക്കുമ്പോഴും ജൈവസമ്പത്തിനെ കുറിച്ചോര്‍ത്ത് ആവാസ വ്യവസ്ഥയെ കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ ആ അമ്മയും മകളും മാത്രമാണ്. ഒന്നും രണ്ടുമല്ലെന്നോര്‍ക്കണം 200 വര്‍ഷം പഴക്കമുള്ള ജൈവ സമ്പത്താണത്. ശാന്തിവനം തനിയെ ഉണ്ടായതാണെന്ന് വാദിക്കാം. പക്ഷേ, അപ്പോഴും കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്‍മാരിലൊരാളായ രവീന്ദ്രനാഥിന്റെ ഭൂമിയില്‍ അങ്ങനൊരു വനം രൂപപ്പെടുത്തിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യം സൗകര്യപൂര്‍വം നമ്മള്‍ മറക്കുന്നു. ഇന്ന് മീനാക്ഷി മേനോനാണ് ശാന്തിവനത്തിന്റെ ഉടമസ്ഥ പോരാളി.

ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വലിയ സമ്പത്തില്‍ കവിഞ്ഞ്‌
എന്താണ് നമ്മുടെ പരിസ്ഥിതിക്ക് നമുക്ക് നല്‍കാനുള്ളത്. അത് ഒരു വ്യക്തി മാത്രം ചെയ്യുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാതെ വികസനത്തിന് വേണ്ടിയുള്ള മുറവിളിയല്ലേ ഉയര്‍ത്തിയത്. ഇപ്പോള്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നത് മറ്റെന്ത് ചെയ്യുന്നതിനേക്കാളും ഏറെ പ്രശംസയര്‍ഹിക്കുന്നതാണ്. അത് പക്ഷേ, ഉള്ളതിന് സമൂല നാശം വരുത്താതെ ചെയ്തിരുന്നെങ്കില്‍ എണീറ്റ് നിന്ന് കൈയടിക്കാമായിരുന്നു. വികസനം എന്നതാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന അജണ്ടയെങ്കിലും അതിന്റെ പേരില്‍ ശാന്തിവനം പോലുള്ളവയില്‍ പിടിമുറുക്കുന്നത് അംഗീകരിക്കാനാവില്ല. അപ്പോള്‍പ്പിന്നെ സോഷ്യല്‍ മീഡിയ ചിന്തിക്കുന്നതിലും പ്രതികരിക്കുന്നതിലും ഒരു തെറ്റും പറയാനില്ല.

അങ്ങിനെയെങ്കില്‍ കേരളം നിബിഢവനമായേനെ

മാത്രവുമല്ല, എല്ലാ പരിസ്ഥിതി ദിനത്തിലും ഇതുപോലെ മരങ്ങള്‍ വെയ്ക്കും. പക്ഷേ, അടുത്ത പരിസ്ഥിതി ദിനം വരെ പോലും ആയുസില്ല. ഓരോ വര്‍ഷവും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ എത്രയധികം മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. എത്ര ജനപ്രതിനിധികള്‍ മരം വെയ്ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരാറുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, വ്യക്തികള്‍ എന്നിങ്ങനെ വേറെ. അങ്ങനെ ചിന്തിക്കുമ്പോള്‍ എത്രമാത്രം മരങ്ങളാവും നമ്മുടെ നഗരങ്ങളിലും റോഡ് വക്കത്തും ബീച്ചിലുമൊക്കെ. അപ്പോള്‍ പരിസ്ഥിതി ദിനം വരുമ്പോള്‍ മാത്രമുള്ള പരിസ്ഥിതി സ്‌നേഹികളെ തുരത്തണം എന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു. ഓരോരുത്തരും സ്വയം ബോധത്താല്‍ ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേ ഇത്.