എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സി.പിഎം; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശനിയാഴ്ച ഉച്ചകഴിഞ്ഞാണു വാസു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി സംസാരിച്ചത്. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തവണ ശബരിമലയില്‍  യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചതായാണ് വിവരം. ശബരിമലയില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതിനെ എന്‍.എസ്.എസ് നേതൃത്വം അനുകൂലിച്ചിരുന്നില്ല. ഇതേ നിലപാട് ചര്‍ച്ചയില്‍ ജി.സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു.
ഏതു വിധേനയും  എന്‍.എസ്.എസിനെ  അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സി.പി.എം നേതൃത്വം . ഇതിന്റെ ഭാഗമായി എന്‍.എസ്.എസ്. ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്നാരോപിച്ച്  കൊടുത്ത കേസ്  സി.പി.എം പിന്‍വലിച്ചിരുന്നു. കൂടാതെ എന്‍.എസ്.എസിനെതിരേ യാതൊരു പ്രകോപനവും പടില്ലെന്ന കര്‍ശന നിര്‍ദേശം
സംസ്ഥാന നേതൃത്വം പാര്‍ട്ടി അണികള്‍ക്കു നല്‍കിയിട്ടുണ്ട്.
നേരത്തെ ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നു സര്‍ക്കാര്‍ എന്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, യുവതീപ്രവേശനത്തില്‍ വിട്ടുവീഴ്ച ചെയ്തു കൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു എന്‍.എസ്.എസിന്റെ നിലപാട്.  ഇത്തവണ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു എന്‍.എസ്.എസ്. നേതൃത്വം കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്.