കോടതിയിൽ കരഞ്ഞ് നിർഭയ കേസ് പ്രതിയുടെ അഭിഭാഷകൻ; ഹർജി ‘വികലമായ നുണകളുടെ കൂട്ടം’ എന്ന് തിഹാർ ജയിൽ

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശർമ്മ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇയാളുടെ പരിക്കുകൾ സ്വയം മുറിവേല്പിച്ച്‌ ഉണ്ടായതാണെന്നും,  പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തിഹാർ ജയിലിലെ അധികൃതർ പറഞ്ഞു.

തന്റെ കക്ഷി മാനസികരോഗം, സ്കീസോഫ്രീനിയ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും പ്രതി അഭിഭാഷകനെയും കുടുംബത്തെയും തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടുവെന്നും വിനയ് ശർമ്മയുടെ അഭിഭാഷകൻ എ പി സിംഗ് ഈ ആഴ്ച ആദ്യം കോടതിയെ അറിയിച്ചിരുന്നു.

അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ ജയിൽ അധികൃതരോട് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തേടുകയും കൂടുതൽ വാദം കേൾക്കുന്നതിനായി ഫെബ്രുവരി 22ലേക്ക് കേസ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തന്റെ പരിക്കുകൾക്ക് ഉയർന്ന തലത്തിലുള്ള ചികിത്സ നൽകണമെന്ന് അധികൃതരോട് നിർദ്ദേശിക്കണമെന്നു വിനയ് ശർമ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും വലതുകൈയിൽ ഒടിവുണ്ടായതായും പ്ലാസ്റ്റർ ഇടിരിക്കുന്നതായും മാനസികരോഗം, സ്കീസോഫ്രീനിയ എന്നിവയുണ്ടെന്നും വിനയ് ശർമ്മയുടെ അഭിഭാഷകൻ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതായി അപേക്ഷയിൽ പറയുന്നു.

അതേസമയം വിനയ് ശർമ്മയുടെ അപേക്ഷ “വികലമായ നുണകളുടെ ഒരു കൂട്ടമാണ്”. എന്ന് ജയിലിനെ പ്രതിനിധീകരിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് കോടതിയിൽ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ സ്വയം ചുമരിൽ തല ഇടിപ്പിച്ചു പരിക്കുണ്ടാക്കിയതാണെന്നും ഇർഫാൻ അഹമ്മദ് പറഞ്ഞു.

ബാരക്കിലെ സിസിടിവി ദൃശ്യങ്ങൾ കുറ്റവാളി സ്വയം പരിക്കേൽപ്പിച്ചതാണെന്ന് വെളിവാക്കുന്നതായി ഇർഫാൻ അഹമ്മദ് പറഞ്ഞു. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ & അലൈഡ് സയൻസസിൽ (ഐ‌എച്ച്‌ബി‌എ‌എസ്) ചികിത്സ തേടുന്ന വിനയ് ശർമ്മയുടെ അപേക്ഷയിൽ പറയുന്നത് പോലുള്ള അസുഖം ജയിൽ ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. “അതിനാൽ ഏതെങ്കിലും ആശുപത്രിയിൽ പരിശോധന ആവശ്യമില്ല,” ഇർഫാൻ അഹമ്മദ് പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെ പതിവായി കൗൺസിൽ ചെയ്യാറുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, ജയിലിൽ ഹാജരാകുന്ന കൗൺസിലർമാർ പതിവായി തടവുകാരുമായി ഇടപെടുന്നതായി തിഹാർ അധികൃതർ അറിയിച്ചു.

ബുധനാഴ്ച നടന്ന നിയമയോഗത്തിനിടെ ശർമയ്ക്ക് തന്റെ അഭിഭാഷകനെയോ അമ്മയെയോ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന വാദത്തോടുള്ള ഇർഫാൻ അഹമ്മദിന്റെ പ്രതികരണം, ഫെബ്രുവരി 17 ന് പ്രതിരണ്ട് കോളുകൾ അമ്മക്കും അഭിഭാഷകനും ചെയ്തിട്ടുണ്ടെന്നായിരുന്നു. “അതിനാൽ അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ല എന്ന വാദം തെറ്റാണ്,” അദ്ദേഹം പറഞ്ഞു.

വിനയ് ശർമ്മയുടെ പരിക്കുകളെക്കുറിച്ച് കോടതിയെ അറിയിച്ചിട്ടില്ലെന്നും ജയിൽ അധികൃതർ വസ്തുത മറച്ചുവെച്ചതായും പ്രതിയുടെ അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു. “ഫെബ്രുവരി 16 ന് നടന്ന സംഭവം, ഫെബ്രുവരി 17 ന് കോടതിയെ അറിയിച്ചിട്ടില്ല,” ഫെബ്രുവരി 18 ന് വിനയ് ശർമ്മയെ കണ്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് എ പി സിംഗ് പറഞ്ഞു.

തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ എ പി സിംഗ് കരയാൻ തുടങ്ങി, തുടർന്ന് ജഡ്ജി ഇദ്ദേഹത്തിന് ഒരു ഗ്ലാസ് വെള്ളം വാഗ്ദാനം ചെയ്തു. താൻ കേസ് ഉപേക്ഷിച്ചേക്കാമെന്നും ഈ കേസിൽ തുടരില്ലെന്നും എ പി സിംഗ് പറഞ്ഞു. “ഇത് എന്റെ അവസാന വാദമായിരിക്കാം,” അദ്ദേഹം പറഞ്ഞു.

2012 ഡിസംബർ 16 ന് 23 കാരിയായ പാരാമെഡിക് വിദ്യാർത്ഥിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനയ് ശർമ്മയ്‌ക്കൊപ്പം മുകേഷ് സിംഗ്, പവൻ ഗുപ്ത, അക്ഷയ് താക്കൂർ എന്നിവരെ 2013 ൽ ഡൽഹി കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

Read more

എന്നാൽ കോടതി ഉത്തരവ് പ്രകാരം ഇവരുടെ വധശിക്ഷ രണ്ടുതവണ മാറ്റിവച്ചു. മാർച്ച് 3 ന് രാവിലെ 6 മണിക്ക് പ്രതികളെ മരണം വരെ തൂക്കിലേറ്റണം എന്ന് ഫെബ്രുവരി 17 ന് മൂന്നാം തവണ പുതിയ മരണ വാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചിരുന്നു.