'അടച്ചുപൂട്ടൽ രോഗവ്യാപനം വൈകിപ്പിക്കുകയും കുറക്കുകയും ചെയ്തു'; നവംബറോടെ രാജ്യത്ത് കോവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് ഐസിഎംആര്‍

രാജ്യത്ത് നവംബറോടെ കോവിഡ് കൂടുതല്‍ പേരെ ബാധിക്കുമെന്ന് ഐസിഎംആർ നിയോഗിച്ച ഗവേഷണസംഘത്തിന്‍റെ പഠനം. അടച്ചുപൂട്ടൽ രോഗവ്യാപനം വൈകിപ്പിക്കുകയും കുറക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. ഐസിഎംആർ നിയോഗിച്ച ഓപറേഷൻസ് റിസർച്ച് ഗ്രൂപ്പിന്‍റെതാണ് പഠന റിപ്പോർട്ട്. രാജ്യത്തെ കോവിഡ് പാരമ്യത്തിലെത്താൻ അഞ്ച് മാസം എടുക്കുമെന്നാണ് കണ്ടെത്തൽ.

രാജ്യത്ത് കോവിഡ് മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. അടച്ചുപൂട്ടൽ കോവിഡ് പാരമ്യത്തിൽ എത്തുന്നത് 76 ദിവസം വരെ വൈകിപ്പിക്കുകയും രോഗവ്യാപനം 97% വരെ കുറക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. എന്നാൽ വരും മാസങ്ങളിൽ വെന്റിലേറ്റർ, ഐസിയു, കിടക്കകൾ എന്നിവയുടെ കുറവ് നേരിടുമെന്ന് പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. 11000 ന് മുകളിലാണ് പ്രതിദിന രോഗബാധിതർ. 300 ൽ അധികം മരണവും. ഒരു മാസം മുൻപ് 85, 856 കേസുകളും 2,753 മരണവും റിപ്പോർട്ട് ചെയ്തിടത്ത് 3,30000ത്തിലധികം കേസുകളും 9,400 ന് അടുത്ത് മരണവുമായിരിക്കുന്നു.

പതിനഞ്ച് നഗരങ്ങളിലായാണ് 63% രോഗികളും. ഇതുവരെ 50.5% പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ 3390 പുതിയ കേസും 120 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസ് 1,07,958 ഉം മരണം 3,950 ഉം ആയി. ഡൽഹിയിൽ 2224 പുതിയ കേസും 56 മരണവും രേഖപ്പെടുത്തി. ആകെ കേസ് 41000 വും മരണം 1327 ഉം കടന്നു.

രോഗബാധ രൂക്ഷമായ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം റെയിൽവെ 204 ഐസൊലേഷൻ കോച്ചുകൾ കൂടി സജ്ജമാക്കുന്നുണ്ട്. യുപിക്ക് 70 ഉം ഡൽഹിക്ക് 54 ഉം തെലങ്കാനക്ക് 60 ഉം ആന്ധ്രാ പ്രദേശിന് 20 ഉം കോച്ച് വീതം നൽകും.