ഹൈക്കോടതിയിലെ അഴിമതി തുറന്നുകാട്ടി ജസ്റ്റിസ് രാകേഷ് കുമാർ; അദ്ദേഹത്തെ 'സസ്‌പെൻഡ്' ചെയ്ത് മറ്റ് ജഡ്ജിമാർ

മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥനെതിരായ അഴിമതി കേസ് കേൾക്കുന്നതിനിടെ മറ്റ് ജഡ്ജിമാരെയും ഹൈക്കോടതിയെയും പരസ്യമായി വിമർശിച്ച പട്ന ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാറിൽ നിന്ന് എല്ലാ കേസുകളും പിൻവലിച്ചു. ജസ്റ്റിസ് രാകേഷ് കുമാറിന്റെ ഉത്തരവ് ഹൈക്കോടതിയുടെ 11 അംഗ ബെഞ്ച് സസ്പെൻഡ് ചെയ്യുകയും അദ്ദേഹം ഉത്തരവിട്ട നടപടിയൊന്നും സ്വീകരിക്കില്ലെന്ന് വിധിക്കുകയും ചെയ്തു.

“ജസ്റ്റിസ് രാകേഷ് കുമാറിന്റെ മുമ്പാകെ തീർപ്പുകൽപ്പിക്കാത്ത ഉള്ള എല്ലാ കേസുകളും പൂർണ്ണമായും / ഭാഗികമായും കേട്ടതോ ഉൾപ്പെടെ ഉള്ളവ അടിയന്തിരമായി പിൻ‌വലിക്കുന്നു.” പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞു.

അഴിമതി ആരോപണവിധേയനായ മുൻ ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ കെ.പി റാമിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കേട്ട ജസ്റ്റിസ് കുമാർ ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചപ്പോൾ അദ്ദേഹത്തിന് എങ്ങനെയാണ് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചോദ്യം ചെയ്തിരുന്നു.

വിരമിച്ച ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ പിന്നോക്ക ജാതിക്കാർക്കുള്ള സർക്കാർ പദ്ധതിയായ ബീഹാർ മഹാദലിത് വികാസ് മിഷനിൽ നിന്ന് 5 കോടി രൂപയിൽ കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്നു. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നിരസിച്ചതിനെത്തുടർന്ന് കീഴ്‌ക്കോടതിയെ അദ്ദേഹം സമീപിക്കുകയും, ജാമ്യം അനുവദിക്കുകയുമായിരുന്നു.

വിജിലൻസ് കോടതിയിലെ സാധാരണ ജഡ്ജി അവധിയിലായിരുന്നതിനാൽ ആ സ്ഥാനത്ത് ഒരു അവധിക്കാല ജഡ്ജി ആണ് കേസ് കേട്ടതെന്നും അതിനാൽ കെ.പി റാമിയയെപ്പോലുള്ള അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന് ജാമ്യം കിട്ടി ജസ്റ്റിസ് കുമാർ പറഞ്ഞു.

കീഴ്‌ കോടതിയിൽ നിന്നുള്ള ഏതെങ്കിലും ജഡ്ജിയുടെ കേസ് വരുമ്പോഴെല്ലാം പട്‌ന ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് കര്‍ക്കശമല്ലാത്ത വീക്ഷണമാണ് പുലർത്തിയിരുന്നെന്ന് ജഡ്ജി ആരോപിച്ചു. “എന്റെ എതിർപ്പ് വകവയ്ക്കാതെ, ഗുരുതരമായ കുറ്റങ്ങൾ നേരിടുന്ന ഒരു ജഡ്ജിയെ മാതൃകാപരമായ ശിക്ഷയ്ക്ക് പകരം ചെറിയ ശിക്ഷ നൽകി വിട്ടയച്ചു,” ജസ്റ്റിസ് കുമാർ ഉത്തരവിൽ പറഞ്ഞു.

നികുതിദായകന്റെ പണത്തിൽ നിന്ന് ജഡ്ജിമാരുടെ വീടുകളുടെ ഫർണിച്ചറുകൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ കടുത്ത പരാമർശങ്ങൾ നടത്തുന്നതിനിടെ, ജഡ്ജി തന്റെ ഉത്തരവിന്റെ ഒരു പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര നിയമ മന്ത്രാലയം എന്നീ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് ഉത്തരവിട്ടു.

എന്നാൽ, കേസുകൾ എടുത്തുകളഞ്ഞ ചീഫ് ജസ്റ്റിസിന്റെ ഉത്തരവിന് ശേഷം ജസ്റ്റിസ് കുമാർ നൽകിയ വിധിന്യായത്തിന്റെ പകർപ്പ് പോലും പിൻവലിച്ചിരിക്കുകയാണ്.

Read more

അദ്ദേഹത്തിന്റെ ഉത്തരവ് പിൻവലിച്ച 11 ജഡ്ജിമാർ ദുഃഖം പ്രകടിപ്പിക്കുകയും ജസ്റ്റിസ് കുമാർ തന്റെ അധികാരപരിധി കടന്ന് പ്രവർത്തിച്ചു എന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ ഭൂരിഭാഗവും അനാവശ്യവും പരിഗണന അർഹിക്കാത്തതാണെന്നും പറഞ്ഞു.