‘മിനി തിരഞ്ഞെടുപ്പ്’ ഇരു മുന്നണികൾക്കും ബി ജെ പിക്കും അതിനിർണ്ണായകം

കെ. സുനില്‍ കുമാര്‍

കേരളത്തില്‍ ഒക്ടോബറില്‍ നടക്കാന്‍ സാദ്ധ്യതയുള്ള ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പതിവില്‍ കവിഞ്ഞ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫിന് തന്നെയാണ് പ്രാഥമിക വെല്ലുവിളിയാകുക. എന്നാല്‍ ഇതാദ്യമായി മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി വിജയമോ,  രണ്ടാം സ്ഥാനമോ പ്രതീക്ഷിക്കുന്നു എന്നത് രണ്ട് മുന്നണികളെയും ആശയക്കുഴപ്പത്തിലാക്കും. കഴിഞ്ഞ നിയമസഭ,  ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്തിനും വട്ടിയൂര്‍ക്കാവിനും പുറമെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ.  സുരേന്ദ്രന്‍ വലിയ നേട്ടമുണ്ടാക്കിയ കോന്നിയിലും നടക്കുന്ന ത്രികോണ മത്സരങ്ങള്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ബലാബലങ്ങളില്‍ തന്നെ മാറ്റം വരുത്തിയേക്കാം. ഈ ആറ് മണ്ഡലങ്ങളും കേരളത്തിന്റെ പല കോണുകളിലായി കിടക്കുന്നതുകൊണ്ട് ഫലത്തിൽ ഇത് ഒരു മിനി തിരഞ്ഞെടുപ്പായി മാറുമെന്ന് ഉറപ്പാണ്.

അഞ്ച് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകും. നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരായ വിധിയെഴുത്തായി വ്യാഖ്യാനിച്ച് പ്രവര്‍ത്തകരെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്ക് ആവേശം കൊള്ളിക്കാനും കഴിയും. അരൂരെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എല്‍ഡിഎഫിന് തീര്‍ത്തും പ്രതികൂലമായ സാഹചര്യമുണ്ടാക്കും. ഒരു സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ ബിജെപിക്ക് ഭാവി രാഷ്ട്രീയത്തിലേക്ക് വലിയ മുതല്‍ക്കൂട്ടാകും. എന്നാൽ എല്‍ഡിഎഫിന് മാത്രമല്ല, യുഡിഎഫിനും അതിന്റെ നഷ്ടം ഭാവിയിലുണ്ടാകും. ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പുകളെ പതിവില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

വട്ടിയൂര്‍ക്കാവ്, കോന്നി, പാലാ, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ എംഎല്‍എമാര്‍ ലോക്സഭയിലേക്ക് വിജയിച്ചതിനാലാണ് ഉപ തെരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നത്. പാലായില്‍ കെ. എം മാണിയുടെയും മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി.  ബി അബ്ദുല്‍ റസാഖിന്റെയും മരണമാണ് ഉപ തെരഞ്ഞെടുപ്പിനിടയാക്കിയത്. അരൂര്‍ ഒഴികെ എല്ലാം യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളാണ് എന്ന് എല്‍ഡിഎഫിന് ആശ്വസിക്കാമെങ്കിലും സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഒറ്റ ഘട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന് പരീക്ഷണമായി മാറും. തൊട്ട് പിന്നാലെ 2020ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൂടി തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നു എന്നതുകൊണ്ട് കൂടിയാണ് പ്രാധാന്യമേറുന്നത്. ഒരു വര്‍ഷത്തിന് ശേഷം 2021ല്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുമെന്നതും എല്‍ഡിഎഫിന് മാത്രമല്ല, യുഡിഎഫിനും പ്രധാനമാണ്.

വട്ടിയൂര്‍ക്കാവിലെ എംഎല്‍എ കെ.  മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ ബിജെപിയിലെ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് വന്ന വട്ടിയൂര്‍ക്കാവ് ശക്തമായ ത്രികോണ മത്സരം ഉറപ്പായ മണ്ഡലമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ ഭൂരിപക്ഷം നേടി ശശി തരൂര്‍ വിജയിച്ചത് യുഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് എല്‍ഡിഎഫിന് എളുപ്പമല്ല. ബിജെപി വിജയ സാധ്യത കല്‍പ്പിക്കുന്ന ഇവിടെ വീണ്ടും രണ്ടാം സ്ഥാനത്ത് വരികയോ വിജയിക്കുകയോ ചെയ്താല്‍ എല്‍ഡിഎഫിനായിരിക്കും തിരിച്ചടി സൃഷ്ടിക്കുക. അവിടെ വിജയിക്കാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫ് വളരെ നേരത്തെ തുടങ്ങിവെച്ചത് ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ്.

കോന്നി എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് വിജയിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. 1996 മുതല്‍ അടൂര്‍ പ്രകാശ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചുവരുന്ന കോന്നി യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ്. ഇത് പിടിച്ചെടുക്കുക എളുപ്പമല്ലെന്ന് എല്‍ഡിഎഫിന് നന്നായറിയാം. ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി അടൂര്‍ പ്രകാശിന്റെ അസാന്നിധ്യം പ്രയോജനപ്പെടുത്താനാകുമോ എന്നാകും എല്‍ഡിഎഫ് ശ്രമിക്കുക. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ് കോന്നി ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ നേരിട്ട കനത്ത പരാജയം എല്‍ഡിഎഫിനെ തുറിച്ചുനോക്കുന്നുണ്ട്. ശബരിമല സമരത്തിന്റെ കൂടി പിന്‍ബലത്തില്‍ പത്തനംതിട്ടയില്‍ കെ.  സുരേന്ദ്രന്‍ 29,700ലേറെ വോട്ടുകള്‍ നേടിയതും കോന്നിയില്‍ വീണ ജോര്‍ജിനേക്കാള്‍ 500 വോട്ടുകള്‍ക്ക് മാത്രം പിന്നിലെത്തിയതുമാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി നേടുന്ന വോട്ടുകളും സ്ഥാനവും എല്‍ഡിഎഫിനാകും കൂടുതല്‍ ചങ്കിടിപ്പുണ്ടാക്കുക.

ആലപ്പുഴയില്‍ ലോക്സഭ മണ്ഡലം പിടിച്ചെടുത്തുകൊണ്ടാണ് എ. എം ആരിഫ് എല്‍ഡിഎഫിലെ വിജയിച്ച ഏക എംപിയായത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് ആരിഫ് പല തവണ വിജയിച്ച അരൂര്‍. ആരിഫിന്റെ വ്യക്തിപരമായ സ്വാധീനം കൊണ്ടുകൂടിയാണ് മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്ന വിലയിരുത്തലുകളുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ ആരിഫിന് വോട്ടുകള്‍ കുറഞ്ഞത് എല്‍ഡിഎഫ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ആരിഫിന്റെ അഭാവത്തില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളിയാണ് എല്‍ഡിഎഫിന് മുന്നിലുള്ളത്. യുഎഡിഎഫാകട്ടെ ലോക്്സഭ തെരഞ്ഞെടുപ്പില്‍ നേടിയ 19 സീറ്റുകളുടെ പിന്‍ബലത്തില്‍ അരൂര്‍ കൂടി പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ്.

യുഡിഎഫിന്റെ കുത്തക മണ്ഡലമായി കരുതപ്പെടുന്ന എറണാകുളത്ത് യുഡിഎഫ് ക്യാംപില്‍ ഭിന്നതകളുണ്ടായപ്പോള്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഹൈബി ഈഡന്‍ നേടിയ കനത്ത ഭൂരിപക്ഷം അവരുടെ വിജയ പ്രതീക്ഷ ഉറപ്പിക്കുന്നുണ്ട്. മണ്ഡലം പിടിച്ചെടുക്കുക എളുപ്പമല്ലെന്ന് എല്‍ഡിഎഫിനും നന്നായി അറിയാം. എങ്കിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയും യുഡിഎഫ് ക്യാംപില്‍ വിള്ളലുണ്ടാക്കിയും മണ്ഡലം പിടിച്ചെടുക്കാനായിരിക്കും എല്‍ഡിഎഫിന്റെ ശ്രമം.

50 വര്‍ഷത്തിനിടെ കെ എം മാണി ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയാണ് ഇത്തവണ പാലായിലെ ഉപതെരഞ്ഞെടുപ്പിനുള്ളത്. മാണിയെ പരാജയപ്പെടുത്താന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ഇതുവരെ വിജയിച്ചിരുന്നില്ല. എന്നാല്‍ മാണിയുടെ മരണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന  ഭിന്നത യുഡിഎഫിന് കാര്യങ്ങള്‍ എളുപ്പമല്ലാതാക്കിയിട്ടുണ്ട്. മാത്രമല്ല,  കെ എം മാണി തന്നെ കേവലം 4700 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജോസ് കെ.  മാണിയെയും പി ജെ ജോസഫിനെയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ വിജയം ആവര്‍ത്തിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മാണിയുടെ അഭാവവും കേരള കോണ്‍ഗ്രസിലെ ഭിന്നതയും മുതലെടുത്ത് കേരള കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം പിടിച്ചെടുക്കാനാകുമോ എ്ന്നാണ് എല്‍ഡിഎഫിന്റെ നോട്ടം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് മാത്രം അബ്ദുല്‍ റസാഖിനോട് പരാജയപ്പെട്ട മഞ്ചേശ്വരം ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലമെന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനയെങ്കിലും മണ്ഡലം പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. 1987 മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് ഇവിടെ തുടര്‍ച്ചയായി രണ്ടാം സ്ഥാനത്ത് വന്നത്. 1982 വരെ സിപിഐ വിജയിച്ച മണ്ഡലം 1987ല്‍ മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുള്ള പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടയില്‍ 2006ല്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു ലീഗില്‍ നിന്ന് മണ്ഡലം പിടിച്ചെങ്കിലും 2011 മുതല്‍ വീണ്ടും ലീഗിന്റെ മണ്ഡലമായി. ഇവിടെ എല്‍ഡിഎഫിന് വിജയം മാത്രമല്ല രണ്ടാം സ്ഥാനവും അത്ര എളുപ്പമല്ല.

ചുരുക്കത്തില്‍ നിര്‍ണായക രാഷ്ട്രീയ പ്രാധാന്യമുള്ള ആറ് ഉപ തെരഞ്ഞെടുപ്പുകളാണ് ഒരുമിച്ച് നടക്കാന്‍ പോകുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും ഇടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ എന്നതില്‍ നിന്ന് മുന്നണി രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തില്‍ തന്നെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെ മാറ്റം വന്നിട്ടുണ്ട്. ബിജെപി പലയിടത്തും വിജയ സാധ്യതയുള്ള ഒരു കക്ഷിയായി മാറുകയും അവരുടെ വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തില്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ പാര്‍ട്ടിയെന്ന പ്രതിഛായ കൂടി ഈ തെരഞ്ഞെടുപ്പുകളില്‍ പ്രയോജനപ്പെടുത്താന്‍ ബിജെപിക്ക് കഴിയുമോ എന്നതാണ് പ്രധാനം. അതിലുപരി കര്‍ണാടത്തിലും ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും കണ്ടതുപോല വന്‍ നേതാക്കളെയും എംഎല്‍എമാരെയും കൂറുമാറ്റുന്ന രീതിയിലേക്ക് അവരുടെ പ്രവര്‍ത്തനം മാറിയിട്ടുമുണ്ട്. ഇതെല്ലാം ഈ ഉപതെരഞ്ഞെടുപ്പില്‍ കാര്യമായി പ്രതിഫലിച്ചില്ലെങ്കിലും അതിന്റെ റിഹേഴ്സല്‍ തുടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എന്നാല്‍ എല്‍ഡിഎഫിനാകട്ടെ വോട്ടിംഗ് ശതമാനത്തില്‍ തന്നെ പ്രകടമായ ഇടിവുണ്ടായിരിക്കുന്നു എന്നതും പ്രധാനമാണ്. ശബരിമല സമരമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ കാരണമെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നുണ്ടെങ്കിലും അതിനപ്പുറത്ത് പാര്‍ട്ടിയുടെയും മുന്നണിയുടെയും ബഹുജന സ്വാധീനം കുറയാനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങള്‍ വേറെയുണ്ട്. ഇത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ തിരുത്തലും സാധ്യമാകൂ. അതെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയില്‍ നിന്നാണ് തെറ്റുതിരുത്തലിനുള്ള നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

അതേ സമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ 20ല്‍ 19 സീറ്റിന്റെ തിളക്കം യുഡിഎഫിനുണ്ടെങ്കിലും ദേശീയ തലത്തില്‍ നേരിട്ട കനത്ത പരാജയവും സംഘടന പ്രശ്നങ്ങളും കേരളത്തിലും കോണ്‍ഗ്രസിനെയും മുന്നണിയെയും ബാധിക്കുമെന്ന് ഉറപ്പാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടാനുള്ള സാധ്യത നിലവിലുള്ളതിനാല്‍ തല്‍ക്കാലം സുരക്ഷിതമാണെങ്കിലും ദേശീയ നേതൃത്വത്തിലെ അനിശ്ചിതത്വവും അന്തഛിദ്രങ്ങളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പിടികൂടാതിരിക്കില്ല. മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളും മുന്നണിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ബിജെപിയുടെ വളര്‍ച്ചയോടെ കേരളത്തിലെ ഇരു മുന്നണി രാഷ്ട്രീയത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ് ഇനിയുള്ള കാലം.