കമ്പോളം മാനസികാരോഗ്യത്തെ തകര്‍ക്കുന്നു; ജോലിയുടെ പേരിലുള്ള സ്ഥലംമാറ്റങ്ങളും മത്സരങ്ങളും സമൂഹത്തിന്റെ സമനില തെറ്റിക്കുന്നുവെന്ന് റവ. ഡോ. പോള്‍ തേലക്കാട്ട്

പണം എന്ന ഏകപദത്തില്‍ എല്ലാം തിരിയുന്ന ഒരു വ്യാകരണവ്യവസ്ഥിതിയിലേക്ക് ലോകം മാറുമ്പോള്‍ മാനസികാരോഗ്യം പൂര്‍ണമായും തകരുമെന്ന് റവ. ഡോ. പോള്‍ തേലക്കാട്ട്.

വര്‍ദ്ധിക്കുന്ന അസമത്വം, ദാരിദ്ര്യം, നിരന്തരമായി ജോലിയുടെ പേരിലുള്ള സ്ഥലംമാറ്റങ്ങള്‍, ജോലികളില്‍ നിരന്തരം നേരിടുന്ന മത്സരവും ഉത്പാദനപരമായ താക്കീതുകളും ഭീഷണികളും ഏതു നേരവും പണിയില്ലാതായി കമ്പനി പൂട്ടുന്ന ആശങ്കയും സാമൂഹികജീവിതത്തിനുള്ളിലെ സ്പര്‍ധകളും മത്സരങ്ങളും സമൂഹത്തിന്റെ സമനില തെറ്റിക്കുന്നെന്ന് മംഗളത്തിലെഴുതിയ കമ്പോളം തകര്‍ക്കുന്ന മാനസികാരോഗ്യമെന്ന ലേഖനത്തില്‍ പറയുന്നു.

കമ്പോളം തകര്‍ക്കുന്ന മാനസികാരോഗ്യം

മുതലാളിത്തം വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. അതിനു പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ല. ഇന്നത്തെ പാശ്ചാത്യ സംസ്‌കാരത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക നിലപാടാണിത്. ആഗോള സാമ്പത്തികനയം അത്ര കണ്ടു സാമൂഹികമായി ആഴ്ന്നിറങ്ങിയിരിക്കുന്നു. സ്വകാര്യസ്വത്തിന്റേയും സ്വകാര്യതാത്പര്യത്തിന്റേയും അടിസ്ഥാനത്തിലുള്ള ആഗോള സാമ്പത്തികനയം രാഷ്ട്രീയനേതൃത്വത്തിന്റെ കഴിവുകേടുകളേയും അഴിമതികളേയും മറികടന്നു പോകുന്നു. കാരണം രാജ്യാന്തര ബാങ്കിംഗ് സ്ഥാപനങ്ങളും മൂലധന നിക്ഷേപ കമ്പനികളും കോര്‍പ്പറേറ്റുകളും ലോകത്തിന്റ കമ്പോളസംസ്‌കാരത്തെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമായിരിക്കുന്നു.

എല്ലാ വ്യാപാര ബാങ്കിംഗ് വ്യവസ്ഥിതികളും ഏകീകൃതമായിരിക്കുന്നു. അവിടെ ചരക്കുകള്‍, സമ്പത്ത്, അസംസ്‌കൃതവസ്തുക്കള്‍, വോട്ട് എന്നിവയെല്ലാം നിയന്ത്രിക്കാന്‍ തക്കവിധം സാമ്പത്തികസ്ഥാപനങ്ങളും മാധ്യമകമ്പനികളും കഴിവുള്ളതായിക്കഴിഞ്ഞു. പണം എന്ന ഏകപദത്തില്‍ എല്ലാം തിരിയുന്ന ഒരു വ്യാകരണവ്യവസ്ഥിതിയിലാണു ലോകം. അവിടെ രാജ്യങ്ങളിലെ പണത്തിന്റെ വിവിധ കറന്‍സികള്‍ അപ്രധാനമായിക്കഴിഞ്ഞു.

എന്നാല്‍, 2015 ഏപ്രില്‍ ഏഴാം തീയതിയിലെ ബ്രിട്ടീഷ് പത്രം “ഗാര്‍ഡിയന്‍” പ്രസിദ്ധീകരിച്ചത് 442 മനഃശാസ്ത്രചിന്തകരുടേയും ചികിത്സകരുടേയും വിദഗ്ധരുടേയും തുറന്ന കത്തായിരുന്നു. വര്‍ദ്ധിക്കുന്ന അസമത്വം, ദാരിദ്ര്യം, നിരന്തരമായി ജോലിയുടെ പേരിലുള്ള സ്ഥലംമാറ്റങ്ങള്‍, ജോലികളില്‍ നിരന്തരം നേരിടുന്ന മത്സരവും ഉല്‍പ്പാദനപരമായ താക്കീതുകളും ഭീഷണികളും ഏതു നേരവും പണിയില്ലാതായി കമ്പനി പൂട്ടുന്ന ആശങ്കയും സാമൂഹികജീവിതത്തിനുള്ളിലെ സ്പര്‍ധകളും മത്സരങ്ങളും സമൂഹത്തിന്റെ സമനില തെറ്റിക്കുന്നു എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. രാഷ്ട്രീയമായി അടിച്ചമര്‍ത്തുന്ന വല്ലാത്ത വ്യാകുലത മനുഷ്യജീവിതങ്ങളെ രോഗാവസ്ഥയിലാക്കുന്നു. ജനങ്ങളുടെ മാനസികാരോഗ്യരംഗത്ത് ഒരു വസന്ത വന്നുഭവിച്ചിരിക്കുന്നു എന്നാണ് ഈ പണ്ഡിതര്‍ സമൂഹത്തോടു പറഞ്ഞത്. ഇതിനവര്‍ കാരണമായി ചൂണ്ടിക്കാണിച്ചതു കമ്പോളം സൃഷ്ടിച്ചിരിക്കുന്ന സാംസ്‌കാരികഘടനയാണ്.

ഇതൊരു വ്യാകരണമാണ്. ഭാഷയുടെ വ്യാകരണം ഭാഷയെ നിയന്ത്രിക്കുന്നതുപോലെ, സാമ്പത്തികനയം സൃഷ്ടിച്ചിരിക്കുന്ന വ്യാകരണം വല്ലാതെ ഭീഷണിപ്പെടുത്തുന്നതും അടിച്ചൊതുക്കുന്നതും നിരന്തരമായി ഭയത്തിലാക്കുന്നതുമായിരിക്കുന്നു. ഇത് അന്തമില്ലാത്ത വിജയത്തിന്റേയും അനന്തമായ ലാഭത്തിന്റേയും വ്യവസ്ഥിതിയാണ്. ഈ വ്യവസ്ഥിതിക്കുവേണ്ടി നിരന്തരം വ്യക്തികള്‍ ബലി ചെയ്യപ്പെടുന്നു. നിരന്തരമായി മത്സരിച്ചു പിടിച്ചുനില്‍ക്കാന്‍ കമ്പോളവ്യവസ്ഥിതി അനിവാര്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ഈ ആഗോളവ്യവസ്ഥിതി എല്ലാ ദേശസര്‍ക്കാരുകള്‍ക്കും അതീതമാണ്. സര്‍ക്കാരുകളുടെ രാഷ്ട്രീയനേതൃത്വവും സര്‍ക്കാരുകളും ഈ വ്യവസ്ഥിതിക്കു പിന്നില്‍ വിധേയപൂര്‍വം നിലകൊള്ളുന്നവരായി മാറുന്നു. ഇതു പഴയ മുതലാളിത്തമല്ല. അങ്ങനെയൊരു മുതലാളി ഇവിടെയില്ല. അതു വ്യക്തിയല്ല സംവിധാനമാണ്. അതു പട്ടാളംപോലെയും പോലീസുപോലെയും ഒരു അധികാരമാണ്. പക്ഷേ, പോലീസിനെയും പട്ടാളത്തെയും കാണാം. ഈ വ്യവസ്ഥിതിക്കു പേരില്ല; അതിന്റെ സാന്നിധ്യം കാണപ്പെടുന്നില്ല. പക്ഷേ, അത് എല്ലായിടത്തുമുണ്ട്. അതിനെ മറികടന്നു പോകാന്‍ ആര്‍ക്കുമാവില്ല. രാഷ്ട്രീപാര്‍ട്ടികളും നേതാക്കന്മാരും അതിനെ ആശ്രയിക്കാതെ നില്‍ക്കക്കള്ളിയില്ല. അതൊരു വിധിയാണ്.

ഈ വിധി മാറ്റാനാവില്ല എന്ന വിശ്വാസത്തിലാണു ജനങ്ങള്‍. നാം ക്യാമറകളുടെ സ്ഥിരം നിരീക്ഷണത്തിലായിരിക്കുന്നതുപോലെ നാം എല്ലാവരും നിരീക്ഷണത്തിലാണ്. നിരീക്ഷണം മാത്രമല്ല നിയന്ത്രണത്തിലുമാണ്. ഈ ശക്തമായ വ്യാകരണത്തിന്റെ അധികാരത്തിനു കീഴില്‍ മാര്‍ക്സിസ്റ്റുകള്‍ ഭരിക്കുന്നു, വലതുപക്ഷ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ ഭരിക്കുന്നു, ജനാധിപത്യരാജ്യങ്ങള്‍ ഭരിക്കുന്നു. ചൈനയുടെ നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്പോളത്തിനകത്തെ ദാസ്യവേലക്കാര്‍ മാത്രമായി മാറിയതിന്റെ വൈരുധ്യം നിസാരമാണോ? ഇവിടെ ഇവരുടെ ഭരണത്തിന്റെ മാത്രമല്ല ഇവരുടെ നിലനില്‍പ്പുപോലും നിയന്ത്രിക്കുന്നതു കമ്പോള വ്യാകരണമാണ്.

പണ്ടു സ്പിനോസ് പറഞ്ഞു: അന്ധവിശ്വാസം ഉണ്ടാകുന്നതും കാത്തുസൂക്ഷിക്കുന്നതും വളര്‍ത്തുന്നതും ഭയമാണ്. ഫ്രോയിഡ് പറഞ്ഞിട്ടുള്ളതുപോലെ ആകാംക്ഷ എന്നത് അവ്യക്തമാണ്. എന്തിനെക്കുറിച്ചാണ് ആകാംക്ഷ എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. പക്ഷേ, ഭയമാണ്. ആ ഭയം എല്ലാത്തരം അന്ധവിശ്വാസങ്ങളും ഉണ്ടാക്കുന്നു. അന്ധവിശ്വാസപരമായ മതാത്മകത നിരന്തരം വര്‍ധിക്കുന്നു. ഈഡിപ്പസ് രാജാവിന്റെ അവസ്ഥയില്‍ എല്ലാവരും പെടുന്നു. വസന്തയുടെ സാന്നിധ്യത്തിന്റെ ഭയം എല്ലാവരിലുമുണ്ട്. വസന്തയകറ്റാനാകാത്ത പ്രതിസന്ധി. വസന്തയുടെ കാരണക്കാരെ കണ്ടെത്തി കൊല്ലുന്നു; ബലിയാടുകളെ തീര്‍ക്കല്‍ നിര്‍ബാധം നടക്കുന്നു. അന്വേഷകന്‍തന്നെ ബലിയാടായി. ഇതില്‍നിന്നു പുറത്തു കടക്കാനാവില്ല എന്ന വല്ലാത്ത ശോകവും അതിന്റെ നിരാശയും വ്യാപകമാകുന്നു.

മാറ്റാനാവാത്ത വിധിയുടെ സംസ്‌കാരം ഏതോ വേട്ടയുടെ സംസ്‌കാരമാണ്. അവിടെയാണു സംസ്‌കാരം സാവധാനം ഫാസിസത്തിനു പാകമാകുന്നത്. ജനാധിപത്യസംവിധാനങ്ങളില്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരുന്നത് അപ്പോഴാണ്. കാരണം എല്ലാവരും ഇരയാക്കപ്പെടും എന്ന ആശങ്കയില്‍ എല്ലാവരും വേട്ടക്കാരാകുകയാണ്. കമ്പോള വ്യവസ്ഥിതി വേട്ടയുടെ വ്യവസ്ഥിതിയായി മാറിയതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ണുതുറന്നാല്‍ കാണാം. കമ്പോളം കല്‍പ്പിക്കുന്ന ജീവിതസംസ്‌കാരത്തിലാണു നാം. പിള്ളത്തൊട്ടില്‍ മുതല്‍ ശവമഞ്ചം വരെ കമ്പോളം നിശ്ചയിക്കുകയാണ്. മനുഷ്യന് അവിടെ നഷ്ടപ്പെട്ടതു മനുഷ്യനാകാനുള്ള സ്വാതന്ത്ര്യമാണ്. രാഷ്ട്രീയചിന്തകനായ കാള്‍ പൊളിയാനി എഴുതി: കമ്പോള വ്യവസ്ഥിതിയെ മനുഷ്യരുടെ വിധിയും അവരുടെ സ്വാഭാവികപരിസ്ഥിതിയും നിശ്ചയിക്കുന്നതായാല്‍ ഫലം… സമൂഹത്തിന്റെ നാശമായിരിക്കും. ഈ വസന്തയുടെ വ്യാപനത്തിന്റെ രോഗത്തിലാണു നാം.

കടപ്പാട്: മംഗളം ഓണ്‍ലൈന്‍