കൊച്ചിയുടെ മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉടന്‍, ബ്രഹ്മപുരം പ്ലാന്റിന് പരിസ്ഥിതി അനുമതി

കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും മാലിന്യ നിർമ്മാർജന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണ്. ബ്രഹ്മപുരത്ത് കൊച്ചി കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്‍റിന്‍റെ നിര്‍മ്മാണത്തിനാവശ്യമായ പരിസ്ഥിതി അനുമതി ലഭിച്ചതോടെ പ്ലാന്‍റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങി.

സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയാണ് അനുമതി നൽകിയിരിക്കുന്നത്. പദ്ധതി നടത്തിപ്പ് പരിസ്ഥിതി സൗഹാർദ്ദമായിരിക്കും. അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്  പദ്ധതി നടപ്പിലാവുന്നത് ഒരു മുതൽകൂട്ടാണ്.  മൂന്നര വർഷക്കാലത്തെ കൊച്ചി  കോര്‍പ്പറേഷന്‍റെ അശ്രാന്ത പരിശ്രമത്തിന്റെയും കൂട്ടായ്മയുടെയും ഫലമായിട്ടാണ് ഈ അനുമതി  ലഭ്യമായിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ആധുനിക തെർമൽ ഗ്യാസിഫിക്കേഷൻ പ്ലാന്റാണ് കൊച്ചിയിൽ നിലവിൽ വരാൻ പോകുന്നത്. പ്ലാന്റിൽ നിന്നുമുള്ള ദുർഗന്ധവും, മലിന ജലവും, മലിന വാതകങ്ങളും നിയന്ത്രിക്കുവാനും അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനുമായി യൂറോപ്യൻ നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഈ പ്ലാന്റിൽ നടപ്പാക്കുകയെന്ന് ഡെപ്യൂട്ടി മേയർ ടി. ജെ വിനോദ് പറഞ്ഞു.

കൊച്ചി  കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് അനുവദിച്ച സ്ഥലത്ത് പദ്ധതി നിര്‍മ്മാണത്തിന് തിരഞ്ഞെടുത്ത ജി ജെ ഇക്കോ പവർ കമ്പനി, നവംബര്‍ മാസത്തില്‍ തന്നെ ലാൻഡ് ഡെവലപ്പ്മെന്റ് പൂര്‍ത്തീകരിക്കുകയും ജനുവരി മാസത്തോടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും സമയബന്ധിതമായി പ്ലാന്റ് പൂർണ പ്രവർത്തന സജ്ജമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കൊച്ചി നഗരത്തിന്‍റെ തീരാശാപമായ മാലിന്യ നിര്‍മ്മാര്‍ജന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത്  കോര്‍പ്പറേഷന്‍റെ ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ നേട്ടമാണ്.