കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന ഭേദഗതി ബിൽ; ഇടഞ്ഞ് ബി.ജെ.പി ഭരണ സംസ്ഥാനങ്ങൾ

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ ഭേദഗതി ചെയ്ത നിയമപ്രകാരം കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, നിരവധി സംസ്ഥാനങ്ങൾ “മാനുഷിക” കാരണങ്ങളാൽ പിഴ ഇടാക്കുന്നതിൽ നിന്നും ഇളവ് നൽകാൻ തീരുമാനിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നിയമത്തിൽ ഇളവിന് നേതൃത്വം നൽകുന്നത് എന്നതാണ് ശ്രദ്ധേയം. ഗുജറാത്തിലെ വിജയ് രൂപാനി സർക്കാരാണ് ചൊവ്വാഴ്ച ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമപ്രകാരം പിഴ കുറച്ചത്. യഥാർത്ഥ പിഴത്തുകയുടെ 10% വരെ കുറവാണ് ഇവിടെ അധികൃതർ ഈടാക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് സമാനമായ രീതിയിൽ കേന്ദ്ര നിയമത്തിനെതിരെ പ്രഖ്യാപനം നടത്തിയത്. സർക്കാർ നിയമം പുന:പരിശോധിച്ചില്ലെങ്കിൽ തങ്ങളുടെ ഭാഗത്ത് നിന്നും നിയമത്തിൽ ഇളവ് വരുത്തുന്നത് പരിഗണിക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു പ്രഖ്യാപനങ്ങൾ. പുതുതായി നിർദ്ദേശിച്ച നിയമപ്രകാരമുള്ള പിഴ ജനങ്ങൾക്ക് ഒരു ഭാരമാകുമെന്നാണ് ഈ സംസ്ഥാനങ്ങളുടെ പക്ഷം.

പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, കേരളം, ഡൽഹി എന്നിവയും സമാനമായ നടപടികൾ സ്വീകരിക്കുന്നതായി സൂചന നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാനത്തെ ജനങ്ങൾക്ക് മേൽ കഠിനമായ പിഴ ചുമത്താനുള്ള സാദ്ധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന മോട്ടോർ വാഹന (ഭേദഗതി) ബിൽ നിലവിലുള്ള ട്രാഫിക് പിഴ പട്ടികകളിൽ ദൂരവ്യാപകമായ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.