ഗോഡ്‌സെ ദേശഭക്തനെന്ന പരാമര്‍ശത്തെ അപലപിച്ച് ബി.ജെ.പി; പ്രഗ്യ സിംഗ് ഠാക്കൂറിനെ പ്രതിരോധ സമിതിയില്‍ നിന്ന് നീക്കി

ഗോഡ്‌സെ ദേശഭക്തനാണെന്ന പ്രഗ്യ സിംഗിന്റെ പരാമര്‍ശത്തെ അപലപിച്ച് ബി.ജെ.പി. ബുധനാഴ്ച പാര്‍ലമെന്റില്‍ വെച്ചാണ് ഗോഡ്‌സെ അനുകൂല പരാമര്‍ശം  ബി.ജെ.പി എം.പിയായ  പ്രഗ്യ സിംഗ് ഠാക്കൂർ  നടത്തിയത്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും ഭരണതലങ്ങളില്‍ പ്രഗ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി പ്രവര്‍ത്തന അദ്ധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കി.അച്ചടക്ക നടപടിയുടെ ഭാഗമായി പ്രതിരോധ സമിതിയില്‍ നിന്ന് പ്രഗ്യയെ നീക്കി. പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്.

ബുധനാഴ്ച എസ്പിജി നിയമഭേദഗതി ലോക്‌സഭ ചര്‍ച്ച ചെയ്യുന്നതിനിടെ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊന്നു എന്ന് ഗോഡ്‌സെ എഴുതിയ കുറിപ്പ് ഡി.എം.കെ എം.പി എ രാജ ഉദ്ധരിക്കവെയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍ ഗോഡ്സെ അനുകൂല പ്രസ്താവന നടത്തിയത്. “”ദേശഭക്തരെ കുറിച്ച് ഇവിടെ ഉദാഹരണമായി കാണിക്കരുത്””, എന്ന് പ്രഗ്യ ഉറക്കെ വിളിച്ച് പറഞ്ഞു.ഇത് പാര്‍ലമെന്റില്‍ വലിയ ബഹളത്തിനിടയാക്കി. എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഗോഡ്‌സെയെ വീണ്ടും വീണ്ടും ദേശഭക്തനെന്ന് വിളിക്കുന്നതെന്ന് ഉറക്കെ ചോദിച്ച് പ്രതിപക്ഷം ബഹളം തുടങ്ങി.

സംഭവം വിവാദമായതോടെ, പ്രഗ്യയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശം നല്‍കി. പ്രഗ്യയുടെ പരാമര്‍ശം സഭയിലടക്കം പ്രതിപക്ഷം ആയുധമാക്കാന്‍ ഒരുങ്ങുമ്പോഴാണ് ബി.ജെ.പി കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്.

ഗോഡ്‌സെയെ പ്രഗ്യ ഇതാദ്യമായല്ല വാഴ്ത്തുന്നത്. ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യ സിംഗിന്റെ പ്രസ്താവന.