ബി.ജെ.പി ആഘോഷിക്കുമ്പോൾ കശ്മീരിലെ സ്ഥിതി ഇതാണ്; അധികാരികൾക്ക് ഇപ്പോഴും ഭയമെന്ന് ഒമർ അബ്ദുള്ള

Advertisement

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള.

ഈ ദിവസം ബി.ജെ.പി. പ്രവർത്തകർ സംഘടിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു, എന്നാൽ കശ്മീരിൽ എന്ത് നടക്കുന്നുവെന്ന് ചർച്ച ചെയ്യാൻ പോലും മറ്റ് പാർട്ടികൾക്ക് അനുവാദം ലഭിക്കില്ലെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം ബി.ജെ.പി ആഘോഷിക്കുമ്പോൾ കശ്മീരി നേതാക്കൾക്ക് പരസ്പരം കാണാൻ പോലും പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങളെ അനുവദിക്കാൻ അധികാരികൾ ഇപ്പോഴും ഭയപ്പെടുന്നു. ഈ ഭയം കശ്മീരിലെ യഥാർത്ഥ അവസ്ഥയെ കുറിച്ച് ധാരാളം സംസാരിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആർട്ടിക്കിൾ 370 വ്യവസ്ഥകൾ റദ്ദാക്കിയതിലൂടെ ഉണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് നാഷണൽ കോൺഫറൻസ് നേതാവ് വിളിച്ചു ചേർത്ത യോഗം അധികൃതരുടെ കർശന നിയന്ത്രണം കാരണം മുടങ്ങിയതിന് പിന്നാലെയാണ് ഒമർ അബ്ദുള്ള വിമർശനവവുമായി രംഗത്തെത്തിയിരിക്കുന്നത്.