'ഒ.എം.ആര്‍ പരീക്ഷാസംവിധാനത്തില്‍ ഭരണാധികാരിക്ക് പോയിട്ട് ദൈവത്തിനു പോലും ഇടപെടാന്‍ സാധിക്കില്ല''; പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ പ്രതികരണവുമായി അശോകന്‍ ചെരുവില്‍

യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഒന്നാമതാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ചെറുകഥാകൃത്തും പുരോഗമന കലാ-സാഹിത്യ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും മുന്‍ പി.എസ്.സി അംഗവുമായ അശോകന്‍ ചരുവില്‍. ഈ വിഷയത്തില്‍ പി.എസ്.സി യെ പ്രതിരോധത്തില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ് . ഒ.എം.ആര്‍ പരീക്ഷ നടത്തിയിട്ടാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

തികച്ചും സുതാര്യമായ സംവിധാനങ്ങളാണ് ഇതുസംബന്ധിച്ച എല്ലാഘട്ടത്തിലും നടക്കുന്നത്. ഭരണാധികാരികള്‍ക്ക് പോയിട്ട് ദൈവത്തിനു പോലും അവിടെ ഇടപെടാന്‍ കഴിയില്ല. സിവില്‍ പോലീസ് ഓഫീസറുടെ തസ്തികയില്‍ ഇന്റര്‍വ്യൂ ഇല്ലാത്തതു കൊണ്ട് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മനോധര്‍മ്മത്തിനും അവിടെ വകുപ്പില്ലെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പ്രതിയായ ഒരാള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമനായതിനെ മുന്‍നിര്‍ത്തി പി.എസ്.സിയെ പ്രതിരോധത്തില്‍ നിര്‍ത്താനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. O M R പരീക്ഷ നടത്തിയിട്ടാണ് റാങ്ക് ലീസ്റ്റ് തയ്യാറാക്കുന്നത്. തികച്ചും സുതാര്യമായ സംവിധാനങ്ങളാണ് ഇതുസംബന്ധിച്ച എല്ലാ ഘട്ടത്തിലും നടക്കുന്നത്. ഭരണാധികാരികള്‍ക്ക് പോയിട്ട് ദൈവത്തിനു പോലും അവിടെ ഇടപെടാന്‍ കഴിയില്ല. സിവില്‍ പോലീസ് ഓഫീസറുടെ തസ്തികയില്‍ ഇന്റര്‍വ്യൂ ഇല്ലാത്തതു കൊണ്ട് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മനോധര്‍മ്മത്തിനും അവിടെ വകുപ്പില്ല.

കേരളത്തിലെ നമ്പര്‍ വണ്‍ കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ടെസ്റ്റില്‍ കൂടുതല്‍ മാര്‍ക്ക് നേടിയതില്‍ അസ്വഭാവികതയില്ല. ക്രിമിനല്‍ ആയതു കൊണ്ട് വാല്യുവേഷന്‍ ചെയ്യുന്ന കമ്പ്യൂട്ടര്‍ മാര്‍ക്ക് കുറയ്ക്കില്ല. ഇവിടത്തെ കക്ഷിക്കാകട്ടെ പരീക്ഷയിലെ മാര്‍ക്കിനു പുറമേ കായികതാരം എന്ന നിലയില്‍ മറ്റുള്ളവര്‍ക്കില്ലാത്ത 13.58 വെയിറ്റേജ് മാര്‍ക്കുമുണ്ട്. കേവലം ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിന് റാങ്കുകള്‍ മാറി മറിയുമ്പോള്‍ അധികമായി ലഭിക്കുന്ന 13.58 മാര്‍ക്ക് അതീവ നിര്‍ണായകമാണ്. ഇക്കാര്യമെല്ലാം കൃത്യമായി അറിയാമായിരുന്നിട്ടും മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ പി.എസ്.സി.യെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തുകൊണ്ടാണ്? ഭരണഘടനയോടുള്ള യുദ്ധത്തെ മുന്‍നിര്‍ത്തി ഭരണഘടനാ, ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുക എന്നൊരു പരിപാടി കുറച്ചു കാലമായി രാജ്യത്ത് നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണോ?

യൂണിവേഴ്‌സിറ്റി കോളജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തെ ഉപയോഗിച്ച് മനുവാദി വര്‍ഗീയതയുടെ മുഴുവന്‍ അജണ്ടകളും ഒന്നിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നതു മണ്ടത്തരമാണ്. ഒന്നൊന്നായി പരിശ്രമിക്കൂ. “മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം” എന്നുണ്ടല്ലോ?

https://www.facebook.com/prasad.kaveettil/posts/10156558106517654