നഷ്ടപ്പെടുത്തിയത് പി.എസ്‌.സിയുടെ വിശ്വാസ്യത

കെ. സുനില്‍ കുമാര്‍

കേരളത്തിലെ തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ കാലങ്ങളായി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സ്ഥാപനമാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍. സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങളിലേക്ക് പി എസ് സി നടത്തുന്ന പരീക്ഷകളും അഭിമുഖവും താരതമ്യേന അഴിമതിരഹിതവും നിക്ഷ്പക്ഷവുമാണെന്നാണ് അവരുടെ വിശ്വാസം. മറ്റ് പല മേഖലകളും അഴിമതിയിലും സ്വജനപക്ഷപാതത്തിലും സ്വാധീനങ്ങളിലും മുങ്ങിനില്‍ക്കുമ്പോഴും പിഎസ് സി ഇതില്‍ നിന്നെല്ലാം കുറെയെങ്കിലും വിമുക്തമാണെന്നാണ് ധാരണ. എന്നാല്‍ ഇതെല്ലാം തകിടം മറിക്കുന്നതാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കൃത്രിമം കാട്ടിയാണ് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഒന്നും രണ്ടും റാങ്കുകാരായതെന്ന പിഎസ് സിയുടെ കണ്ടെത്തല്‍. ഇവരെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമിനെ ഒഴിവാക്കിയത് യുണിവേഴ്സിറ്റി കോളജിലെ പ്രതിയായതിനാലാണ്. എ്ന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല, തുടങ്ങുന്നതേയുള്ളൂ.

ആയിരക്കണക്കിന് യുവാക്കള്‍ കഷ്ടപ്പെട്ട് പഠിച്ച് എഴുതുകയും കായികക്ഷമത തെളിയിക്കുകയും ചെയ്ത ഒരു പരീക്ഷയില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും ക്രിമിനല്‍ ബുദ്ധിയും ഉപയോഗിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതോടെ പിഎസ് സി എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് അപകടത്തില്‍ പെട്ടത്. എന്ത് വിശ്വാസത്തിലാണ് തങ്ങള്‍ പരീക്ഷകള്‍ എഴുതാനായി കഷ്ടപ്പെടുന്നതെന്ന ചോദ്യമാകും ചെറുപ്പക്കാരുടെ മനസില്‍ സ്വാഭാവികമായും ഉയരുക.

പരീക്ഷ എഴുതാനിരുന്ന ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണുകളിലേക്ക് ചോദ്യങ്ങള്‍ക്ക് മറുപടിയായി എത്തിയ ശരിയുത്തരങ്ങളാണ് അവരെ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിച്ചത്. ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ 90 സന്ദേശങ്ങളാണ് ഇവരെ വിജയിപ്പിക്കാന്‍ എത്തിയത്. ആരാണ് ഈ സന്ദേശങ്ങള്‍ അയച്ചതെന്ന ചോദ്യത്തിനും മറുപടി കണ്ടെത്തേണ്ടി വരും. ഈ രണ്ട് പേര്‍ക്ക് മാത്രമാണോ എസ്എംഎസായി ഉത്തരങ്ങള്‍ അയച്ചു കൊടുത്തത് ?

ഒരു പക്ഷെ മധ്യപ്രദേശിലെ കുപ്രസിദ്ധമായ വാപം പരീക്ഷ തട്ടിപ്പ് പോലെ വലിയൊരു തട്ടിപ്പായി ഇത് മാറാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഈ പരീക്ഷാത്തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാന്‍ കഴിയൂ. പരീക്ഷ എഴുതുന്നവര്‍ക്ക് ഉത്തരങ്ങള്‍ അയച്ചു കൊടുക്കുന്ന പരീക്ഷാ മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതും അന്വേഷണ വിധേയമാക്കേണ്ടി വരും. അതിന് പി എസ് സിയിൽ ജോലി ചെയ്യുന്നവരുടെയും അംഗങ്ങളുടെയും പിന്തുണയുണ്ടോ എന്ന സംശയവും ഉണ്ടാകും. പ്രതികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരായതിനാല്‍ അവര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്നതും അവഗണിക്കാനാകാത്ത ചോദ്യമാണ്.
മാത്രമല്ല, കൂടുതല്‍ ആളുകള്‍ കൃത്രിമ മാര്‍ഗത്തിലൂടെ വിജയിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കഷ്ടപ്പെട്ട് എഴുതിയ പരീക്ഷ റദ്ദാക്കേണ്ടി വരും. ഇതോടെ ശരിയായി പരീക്ഷ എഴുതിയ നൂറുകണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷകളാണ് ഇല്ലാതാകുക. കടുത്ത നിരാശയും അസംതൃപ്തിയും രോഷവുമായിരിക്കും ഇത് അവരില്‍ സൃഷ്ടിക്കുക.

ഒരു കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ തട്ടിപ്പില്‍ ഇത് അവസാനിക്കുമോ എന്നതാണ് അതിനേക്കാള്‍ ഗുരുതരമായ പ്രശ്നം. സര്‍ക്കാര്‍ സര്‍വീസിലേക്കും പൊതു സ്ഥാപനങ്ങളിലേക്കും ഇതുവരെ നടന്ന പരീക്ഷകളില്‍ സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടി വരും. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് വിവിധ പരീക്ഷകളില്‍ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ഉത്തരവ് കാത്ത് കഴിയുന്നത്. അതിലെല്ലാം പരീക്ഷാത്തട്ടിപ്പും രാഷ്ട്രീയ സ്വാധീനവും അഴിമതിയും നടത്തി ക്രിമിനലുകളായ ആളുകള്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ സത്യസന്ധമായി പരീക്ഷ എഴുതിയവരുടെ അവസരങ്ങളാണ് നഷ്ടപ്പെടുക. ഇതുവരെ നടന്ന നിയമനങ്ങളിലും ഇത് നടന്നിട്ടുണ്ടെങ്കില്‍ തൊഴില്‍രഹിതരായ അനേകം ചെറുപ്പക്കാരുടെ തൊഴിലുകള്‍ തട്ടിപ്പുകാരായ ആളുകള്‍ കയ്യടക്കിയിരിക്കണം.

പരീക്ഷകളിലെ തട്ടിപ്പ് മാത്രമല്ല, ഇന്റര്‍വ്യൂ ആവശ്യമുള്ള നിയമനങ്ങളില്‍ നടന്ന സ്വജനപക്ഷപാതവും അഴിമതിയും കൃത്രിമവും എല്ലാം പരിശോധിക്കേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് പി എസ് സി  അംഗങ്ങളായി നിയമിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് സ്വാഭാവികമായും അതത് രാഷ്ട്രീയ പാര്‍ട്ടികളുമായും അവര്‍ നിയോഗിക്കുന്ന പി എസ് സി അംഗങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധങ്ങളുണ്ടാകും. ഇതെല്ലാം ഇന്റര്‍വ്യൂകളില്‍ വഴിവിട്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി അവസരം നിഷേധിക്കപ്പെട്ടവര്‍ക്കും ജനങ്ങള്‍ക്കും തോന്നാം. സംവരണം പോലുള്ള കാര്യങ്ങളില്‍ തിരിമറികള്‍ നടക്കുന്നതായും ആരോപണങ്ങളുണ്ട്.

ഫലത്തില്‍ കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ തട്ടിപ്പ് സ്ഥിരീകരിച്ച പി എസ് സിയും സര്‍ക്കാരും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരും. പി എസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും. അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികളായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായ അസംതൃപ്തിയാകും ഉണ്ടാകുക.