അരൂരിൽ ഇഞ്ചോടിഞ്ച്, ഒരു വോട്ട് പോലും നിർണ്ണായകം, ഫോട്ടോ ഫിനിഷിന് സാധ്യത

പ്രചാരണം  കൊട്ടിക്കലാശത്തിലേക്ക് കയറുമ്പോൾ ആവേശതിമിർപ്പിലാണ് അരൂരിൽ യു ഡി എഫും എൽ ഡി എഫും. കേരളത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ മുന്നിൽ തന്നെയാണ് അരൂർ. നിലനിർത്താൻ എൽ ഡി എഫും തിരിച്ചു പിടിക്കാൻ യു ഡി എഫും എല്ലാം മറന്ന് പൊരുതുമ്പോൾ ഓരോ വോട്ടും ഇവിടെ നിർണ്ണയകമാവുകയാണ്.

കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ എഴുപുന്ന, കോടംതുരുത്ത്, പെരുമ്പളം തുടങ്ങിയ പഞ്ചായത്തുകളിൽ പരമാവധി വോട്ടുകൾ സമാഹരിച്ച് മറ്റു സ്ഥലങ്ങളിൽ നേരിയ ക്ഷീണം സംഭവിച്ചാലും വിജയം നേടാനുള്ള തന്ത്രത്തിലാണ് കോൺഗ്രസ്സ് നേതൃത്വം. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വിസ്മരിച്ച് കോൺഗ്രസിന്റെ സംഘടനാ മെഷിനറി ഇക്കുറി ശക്തമായി ചലിച്ചത് നേട്ടമാകുമെന്ന് യു ഡി എഫ് ക്യാമ്പ് കണക്കുകൂട്ടുന്നു. മറുവശത്ത്  മൂന്ന് തവണ ഇവിടെ നിന്നും ജയിച്ച എ എം ആരിഫിനെ തന്നെ പ്രചാരണത്തിന്റെ മുന്നിൽ നിർത്തിയാണ് എൽ ഡി എഫ് നീങ്ങുന്നത്.

ആരിഫിന്റെ ജനകീയ മുഖം പരമാവധി മുതലാക്കാനാണ് ഇടത് ക്യാമ്പിന്റെ ശ്രമം.
എന്നാൽ ആരിഫിനുള്ള പൊതുസ്വീകാര്യത മനു സി.  പുളിക്കലിന് ഇല്ല എന്നതാണ് വിനയാകുന്നത്. അതുകൊണ്ട് കൂടിയാണ് ആരിഫിനെ പരമാവധി കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നത്. ബി ഡി ജെ എസ് എൻ ഡി എയുമായി പിണങ്ങി പ്രചാരണ പ്രവർത്തങ്ങളിൽ സജീവമാകാത്തത് ബി ജെ പി ക്യാമ്പിന് തലവേദനയാണ്. ബി ഡി ജെ എസ് വോട്ട് എങ്ങനെ നീങ്ങും എന്നത് ഇത്തവണ നിർണ്ണായകമാണ്. അത് തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇടത് – വലത് ക്യാമ്പുകൾ കണക്കു കൂട്ടുന്നു. അതിനിടെ മഞ്ഞ കോടിയിൽ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്‌തത്‌ പുതിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ഇത് ഒരു പ്രചാരണ തന്ത്രമാണെന്ന് സി പി ഐ എം അവകാശപ്പെടുമ്പോഴും ഹിന്ദുക്കൾക്കിടയിൽ പ്രത്യേകിച്ച് ഈഴവർക്കിടയിൽ ഇത് അതൃപ്തി ഉളവാക്കിയതായും റിപ്പോർട്ടുകളുണ്ട്.

പല തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുവെങ്കിലും ഒരു വിജയം ഇനിയും അകലുന്ന ഷാനിമോൾ ഉസ്മാന് അനുകൂലമായ സഹതാപ തരംഗത്തിനും അരൂരിൽ സാധ്യത കാണുന്നവരുണ്ട്. അതിനിടെ, അരൂർ മണ്ഡലത്തിൽ പന്തീരായിരത്തോളം ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യു ഡി എഫ് നേതൃത്വം ആരോപണമുയർത്തി. ഷാനിമോളെ വ്യക്തിപരമായി അധിക്ഷേപിച്ചത് അടക്കമുള്ള കാര്യങ്ങളിൽ സ്ത്രീ വോട്ടർമാർക്കിടയിൽ കടുത്ത അമർഷമുണ്ട്. ഇത് അനുകൂലമാകുമെന്നുള്ള കണക്കുകൂട്ടലിലാണ് കോൺഗ്രസും യു ഡി എഫും.

വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. ഷാനിമോൾ ഉസ്‌മാൻ തുറവൂരിൽ കേന്ദ്രീകരിക്കുമ്പോൾ അരൂർ ജംക്ഷനിലാണ് ഇടതു മുന്നണിയുടെ അവസാന പ്രചാരണം. ബി ജെ പി സ്ഥാനാർത്ഥിയും തുറവൂരിൽ എത്തും. കുത്തക പൊളിക്കാൻ കോൺഗ്രസ്സ് ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുക്കുമ്പോൾ വിട്ടുകൊടുക്കാതിരിക്കാൻ എൽ ഡി എഫും കിണഞ്ഞു ശ്രമിക്കുകയാണ്. ഒരു ഫോട്ടോ ഫിനിഷിലേക്കാണ് അരൂർ നീങ്ങുന്നത്.