തിരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഒരുങ്ങി അടയാളവും, ചൂര്‍ണ്ണിക്കരയില്‍ വന്‍ വരവേല്‍പ്

കേരളത്തിലെ പരിസ്ഥിതി മലിനീകരണത്തിന് പരിഹാരം കൃഷിയാണെന്ന് തെളിയിച്ച അടയാളം സ്വയം സഹായ സംഘം ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എറണാകളും ജില്ലയിലെ ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അടയാളം പ്രസിഡന്റ് അന്‍സാര്‍ അടയാളം  മത്സരിക്കുന്നത്.

“ചൂര്‍ണ്ണിക്കരയെ മാതൃക പഞ്ചായത്താക്കി രാജ്യത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. വിഷമില്ലാത്ത ഭക്ഷണവും, ശുദ്ധമായ ജലവും ശുദ്ധവായുവും ശ്വസിക്കാനാകുന്ന ഒരു പഞ്ചായത്താക്കി ചൂര്‍ണ്ണിക്കരയെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം.” അന്‍സാര്‍ അടയാളം പറഞ്ഞു.

(അന്‍സാര്‍ അടയാളം)

കക്കൂസ് മാലിന്യങ്ങള്‍ നിറഞ്ഞ ചൂര്‍ണ്ണിക്കരയിലെ കട്ടേപ്പാടത്തും ചവര്‍പാടത്തും 100 ഏക്കറിലധികം പാടശേഖരത്തിലാണ് അന്‍സാര്‍ അടയാളത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നാല് തവണ പൊന്ന് വിളയിച്ചത്. നീണ്ട 34 വര്‍ഷം തരിശായി കിടന്ന കൃഷിഭൂമിയാണ് അന്‍സാറിന്റെ നേതൃത്വത്തിലുളള ചെറുപ്പക്കാരുടെ സംഘം അവിശ്വസനീയമായ രീതിയില്‍ മാറ്റിയെടുത്തത്.

മാത്രമല്ല നെല്‍പ്പാടത്തിന് ചുറ്റും പൂക്കള്‍ വെച്ച് പിടിപ്പിച്ച് എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും മനോഹരവും ശുദ്ധവായു ലഭിക്കുന്ന പ്രദേശമാക്കി ചൂര്‍ണ്ണിക്കരയെ അടയാളത്തിലെ യുവാക്കള്‍ മാറ്റിയിരുന്നു. അടയാളം നെല്‍കൃഷി ചെയ്തതോടെ സമീപത്തെ ജലസ്രോതസ്സുകള്‍ ശുദ്ധമാകുകയും സമീപത്തെ കിണറുകള്‍ കുടിവെള്ളത്തിന് യോഗ്യമാകുകയും ചെയ്തിരുന്നു.

ഇതോടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ചൂര്‍ണ്ണിക്കരിയിലെ നെല്‍കൃഷിയുടെ അരിവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തിയിരുന്നു. നെല്‍കൃഷിയ്ക്കായി ലഭിച്ച സബ്‌സിഡി തുക ആദ്യ വര്‍ഷം പഞ്ചായത്തിലെ എല്ലാ ജനങ്ങള്‍ക്കുമായി വീതിച്ച് നല്‍കിയാണ് അടയാളം മറ്റ് മാതൃക തീര്‍ത്തത്.

Read more

നെല്‍കൃഷിക്ക് പുറമെ മൂന്നേക്കറോളം പറമ്പില്‍ പച്ചക്കറി കൃഷി, അടയാളം ചന്ത, ഗ്രീന്‍ ഫാക്ടറി, അടയാളം കാര്‍ഷിക കര്‍മ്മസേന, അടയാളം വനിത സേന, അടയാളം ഫിഷ് ക്ലബ്, അടയാളം സൈക്കിള്‍ ക്ലബ്, അടയാളം എക്കോ ക്ലബ് തുടങ്ങിയ സംരംഭങ്ങള്‍ക്കും യുവാക്കള്‍ നേതൃത്വം നല്‍കുന്നുണ്ട്.