‘വിധിയില്‍ പ്രസക്തി ഇല്ല'; അടുത്ത സര്‍ക്കാരില്‍ മന്ത്രിയാകാന്‍ ജലീലിന് തടസ്സമില്ലെന്ന് എ.എന്‍ ഷംസീര്‍

മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ശരിവെച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്ന് എഎന്‍ ഷംസീര്‍ എം.എൽ.എ. ലോകായുക്ത വിധിക്ക് പിന്നാലെ ജലീല്‍ രാജിവെച്ച് ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മന്ത്രിസഭയിലേക്ക് വരാന്‍ ജലീലിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.

”വിധിയില്‍ പ്രസക്തി ഇല്ല, ജലീല്‍ രാജിവെച്ച് ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അത് കൊണ്ട് ഈ വിധി പ്രത്യേകിച്ച് ഒരു മാറ്റവും ഇവിടെയുണ്ടാക്കാന്‍ പോകുന്നില്ല. ഇനി അപ്പീലിന് പോകണോ വേണ്ടയോ എന്നത് പാര്‍ട്ടിയോട് ആലോചിച്ച് ജലീല്‍ തീരുമാനിക്കും. അടുത്ത മന്ത്രിസഭയിലേക്ക് വരാന്‍ ജലീലിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല”- ഷംസീര്‍ പറഞ്ഞു.

ലോകായുക്ത ഉത്തരവ് ശരിവെച്ചു കൊണ്ടാണ് ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്താ ഉത്തരവെന്നും അതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി അറിയിച്ചു.