"എത്ര ആപ്പിൾ ട്രക്കുകൾ..." "ഞങ്ങൾ നിങ്ങൾക്ക് വളകൾ അയയ്ക്കണോ?" കശ്മീരിലെ പാക് രഹസ്യ സന്ദേശങ്ങൾ തുറന്ന് പറഞ്ഞ് അജിത് ഡോവൽ

ജമ്മു കശ്മീരിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് പാകിസ്ഥാൻ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേകം പദവി ഒഴിവാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ഓഗസ്റ്റ് ആദ്യ ആഴ്ച മുതൽ സംസ്ഥാനത്ത് പലഭാഗങ്ങളിലും ഭാഗികമായി കർഫ്യൂ നിലനിൽക്കുന്നുണ്ട്.

“എല്ലാ നിയന്ത്രണങ്ങളും മാറി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് പാകിസ്ഥാൻ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പാകിസ്ഥാൻ മാന്യമായി പെരുമാറിയാൽ, തീവ്രവാദികൾ ഭീഷണിപ്പെടുത്തുകയും നുഴഞ്ഞുകയറുകയും ചെയ്യുകയില്ല, പാകിസ്ഥാൻ അവരുടെ ടവറുകൾ ഉപയോഗിച്ച് ഭീകരർക്ക്‌ സിഗ്നലുകൾ അയയ്ക്കുന്നത് നിർത്തുകയാണെങ്കിൽ, ഞങ്ങൾക്ക് നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കും,” അജിത് ഡോവൽ പറഞ്ഞു.

കശ്മീർ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റും ഫോൺ ലൈനുകളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്, അതേസമയം ജമ്മു മേഖലയിലും ലഡാക്കിലും ആശയവിനിമയ ലൈനുകൾ തുറന്നിട്ടുണ്ട്.

ജമ്മു കശ്മീരിലെ 92.5 ശതമാനം സ്ഥലങ്ങളിലും നിയന്ത്രണങ്ങളില്ല, സുരക്ഷാ വിന്യാസം ഏകോപിപ്പിക്കാനും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആഴ്ചകളായി സംസ്ഥാനത്ത് തമ്പടിച്ചിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

“എത്ര ആപ്പിൾ ട്രക്കുകൾ ആണ് നീങ്ങുന്നത്, നിങ്ങൾക്ക് തടയാൻ കഴിയുന്നില്ലേ?,” “ഞങ്ങൾ നിങ്ങൾക്ക് വളകൾ അയയ്ക്കണോ?” തുടങ്ങിയ കോഡ്(രഹസ്യ) സന്ദേശങ്ങൾ അതിർത്തിയിൽ 20 കിലോമീറ്റർ അകലെ കമ്മ്യൂണിക്കേഷൻ ടവറുകളിലൂടെ പാകിസ്ഥാൻ അയയ്ക്കാൻ ശ്രമിച്ചത് ഇന്ത്യ കണ്ടെത്തി എന്നും അജിത് ഡോവൽ പറഞ്ഞു. തങ്ങളുടെ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങളും ഉപകരണങ്ങളും ആയുധങ്ങളും അഭ്യർത്ഥിക്കാൻ തീവ്രവാദികൾ ഉപയോഗിക്കുന്ന കോഡ് പദങ്ങൾ ആണ് ഇതെന്ന് ഡോവൽ പറഞ്ഞു.

“നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നാലും പാകിസ്ഥാൻ തീവ്രവാദികളിൽ നിന്ന് കശ്മീരികളുടെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിഞ്ജാബദ്ധരാണ്. പാക്കിസ്ഥാന് അശാന്തി സൃഷ്ടിക്കാനുള്ള ഏക ഉപകരണം ഭീകരതയാണ്. 230 പാകിസ്ഥാൻ തീവ്രവാദികളെ കണ്ടെത്തി, അവരിൽ ചിലർ നുഴഞ്ഞുകയറിയവരാണ്, ചിലരെ അറസ്റ്റ് ചെയ്തു.” ഡോവൽ പറഞ്ഞു.

Read more

ജമ്മു കശ്മീരിലെ 199 പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിൽ 10 സ്ഥലങ്ങളിൽ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളൂ. കശ്മീരിൽ സൈന്യത്തിന്റെ ഭാഗത്തു നിന്നും അതിക്രമങ്ങൾ ഒന്നും തന്നെ ഇല്ലെന്നും. സംസ്ഥാന പൊലീസും കേന്ദ്രസേനകളും ക്രമസമാധാനം മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും തീവ്രവാദികളോട് പോരാടാനാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നും ഡോവൽ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ ഭൂരിപക്ഷം കശ്മീരികളും പിന്തുണയ്ക്കുന്നുണ്ട് ഏതാനും അക്രമികൾ മാത്രമാണ് ഇതിനെ എതിർക്കുന്നത്, ഡോവൽ കൂട്ടിച്ചേർത്തു .