മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് വെള്ളം നിഷേധിക്കുന്നെന്ന് ട്വീറ്റ്; ബിജെപി എംപിയ്‌ക്കെതിരേ പൊലീസ് കേസെടുത്തു

മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചു എന്ന് തെറ്റിധരിപ്പിക്കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്ത ബിജെപി എംപിക്കെതിരെ കേസ്. ഉഡുപ്പി ചിക്ക് മംഗലൂരിലെ വനിതാ എംപി ശോഭ കരന്തലജെയ്ക്കെതിരെയാണ് മലപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

“മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണ് കേരളമിപ്പോള്‍. കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചെന്ന കാരണത്താല്‍ കുടിവെള്ളം നിഷേധിച്ചിരിക്കുന്നു. സേവാഭാരതിയാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെസമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ?,’ ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു. മത സ്പര്‍ദ്ധ പ്രചരിപ്പിക്കുന്നതിനെതിരേയുള്ള 153 ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കര്‍ണാടകയില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി കാണാന്‍ മല കയറിയ ബിജെപി എംപിയാണ് ശോഭ കരന്തലജെ. ഇവരുടെ ട്വീറ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ കിടക്കുകയാണ്. അതേ സമയം കര്‍ണാടകാ മുഖ്യമന്ത്രി ബി എസ് യദ്യുരപ്പയുടെ അടുത്ത അനുയായിട്ടാണ് ശോഭ അറിയപ്പെടുന്നത്.  യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ 3,300 അടി ഉയരത്തിലുള്ള ചാമുണ്ഡി മലയാണ് ചെരിപ്പിടാതെ ഇവര്‍ ചവുട്ടിക്കയറിയത്. ഇത് വലിയ വാര്‍ത്ത ആയിരുന്നു.