'ഭരണത്തില്‍ ഇരിക്കുന്ന ഒരാൾക്കെങ്കിലും കേസിലെ അനീതി ഓർക്കുമ്പോൾ ഉറക്കം നഷ്ടപ്പെടണം'; വാളയാർ പീഡനക്കേസിൽ വിമർശനവുമായി ഹരീഷ് വാസുദേവൻ

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രോസിക്യൂഷനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറുപ്പില്‍ പുനരന്വേഷണത്തിന്റെ സാധ്യതകളെക്കുറിച്ച് കൂടി പറഞ്ഞുവയ്ക്കുകയാണ് അദ്ദേഹം.

“ട്രയല്‍ അവസാനിച്ചു വിധിപറഞ്ഞ കേസില്‍ പുനരന്വേഷണം സാധ്യമല്ല. ആദ്യം വിധിപകര്‍പ്പ് ലഭിക്കണം. തെളിവുകളുടെ കണ്ണി വിട്ടുപോയത് അന്വേഷണ പിഴവാണോ എന്നറിയണം. ദൃക്സാക്ഷിമൊഴി പോലും തെറ്റിയത് പ്രോസിക്യൂഷന്റെ പിഴവാണോ എന്നറിയണം. അതിന്മേലൊക്കേ കോടതിയുടെ നിരീക്ഷണങ്ങള്‍ അറിയണം”.-അദ്ദേഹം കുറിച്ചു.

ഭരണത്തില്‍ ഇരിക്കുന്ന ഏതെങ്കിലും ഒരാൾക്ക് നമ്മളെപ്പോലെ ഈ കേസിലെ അനീതി ഓർക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവണം, അയാൾ തീരുമാനങ്ങൾ എടുക്കണമെന്നുകൂടി അദ്ദേഹം പറഞ്ഞുവക്കുന്നുണ്ട്

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം,

വാളയാർ കേസിൽ വൈകാരിക പ്രകടനങ്ങൾ കൊണ്ട് കാര്യമില്ല. ട്രയൽ അവസാനിച്ചു വിധിപറഞ്ഞ കേസിൽ പുനരന്വേഷണം സാധ്യമല്ല. ആദ്യം വിധിപകർപ്പ് ലഭിക്കണം. വായിക്കണം. തെളിവുകളുടെ കണ്ണി വിട്ടുപോയത് അന്വേഷണ പിഴവാണോ എന്നറിയണം.ദൃക്‌സാക്ഷിമൊഴി പോലും തെറ്റിയത് പ്രോസിക്യൂഷന്റെ പിഴവാണോ എന്നറിയണം. അതിന്മേലൊക്കേ കോടതിയുടെ നിരീക്ഷണങ്ങൾ അറിയണം.

കേസ് അന്വേഷണം അട്ടിമറിച്ചതാണ് എന്നതിന് തെളിവുണ്ടെങ്കിൽ അത് സംഘടിപ്പിക്കണം. അതിനാദ്യം അക്കാര്യത്തിൽ പോലീസ് FIR ഇടണം. ആ കേസ് വെച്ചു മാത്രമേ ഇനിയീ കേസ് re-ഓപ്പൺ ചെയ്യാനുള്ള എന്തെങ്കിലും സാധ്യതകൾ നിയമപരമായി പരിശോധിക്കാനാകൂ. അതിനാദ്യം ആരൊക്കെ ചേർന്നാണ് അട്ടിമറിച്ചത് എന്നറിയണം. അവരെ സർവ്വീസിൽ നിന്ന് താൽക്കാലികമായെങ്കിലും മാറ്റി നിർത്തണം. അവരുടെ അടുത്ത സുഹൃത്തുക്കളേ ഈ കേസന്വേഷണ ടീമിൽ നിന്ന് മാറ്റി നിർത്തണം. അട്ടിമറിക്കേസ് FIR ഇടുന്നതിന് മുൻപ് IG യുടെ നേതൃത്വത്തിൽ ഇപ്പറഞ്ഞ വകുപ്പ്‌തല അന്വേഷണമുണ്ടായാലേ അട്ടിമറിക്കേസ് തെളിവുകളോടെ നിലനിൽക്കൂ. അത് തെളിയിച്ചാലേ പുനർവിചാരണയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉള്ളൂ.

വെറുതേ അപ്പീൽ നൽകിയാൽ ഈ സാധ്യതകൾ എല്ലാം അടയും. ഈ സ്റ്റേജിൽ അത് പ്രതികൾക്കാവും സഹായകമാവുക.

അതിലൊക്കെ ഉപരിയായി, നമ്മളെ ഭരിക്കുന്ന ഏതെങ്കിലും ഒരാൾക്ക് നമ്മളെപ്പോലെ ഈ കേസിലെ അനീതി ഓർക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവണം, അയാൾ തീരുമാനങ്ങൾ എടുക്കണം.

(സോഷ്യൽ മീഡിയയിൽ അല്ലാതെ ഈ കേസിൽ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ കേസിലെന്നല്ല എല്ലാ കേസിലും. അതിന്റെയൊരു ഭാഗം ചിന്തകൾ ഇടയ്ക്ക് ഇവിടെ പങ്കുവെയ്ക്കുന്നു എന്നുമാത്രം. ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞല്ല, ചെയ്താണ് ശീലം)

https://www.facebook.com/harish.vasudevan.18/posts/10157727669127640