പള്ളിക്കമ്മറ്റി പുറമ്പോക്ക് വിറ്റത് 266 കുടുംബങ്ങള്‍ക്ക്; ഇരയായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി

ലത്തീന്‍ സഭയുടെ അനധികൃത ഭൂമി വില്‍പ്പനക്ക് ഇരയായ അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. തീരം കയ്യേറ്റത്തിനും അനധികൃത ഭൂമി വില്‍പ്പനക്കും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കടല്‍തീരം കയ്യേറി ഭൂമി മുറിച്ച് വില്‍ക്കുന്ന ലത്തീന്‍ സഭയുടെ നടപടിയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പള്ളിക്കമ്മിറ്റി സര്‍ക്കാരിനെ വെല്ലുവിളിക്കരുത്. അടിമലത്തുറയിലെ റവന്യു കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിലവിലെ കയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ല. ദുരന്തമുണ്ടായാല്‍ പഴി സര്‍ക്കാരിനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടിമലത്തുറയിലെ കടല്‍ത്തീരം ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് കളക്ടറും സ്ഥിരീകരിച്ചു. പള്ളിക്കമ്മിറ്റി പുറമ്പോക്ക് വിറ്റത് 266 കുടുംബങ്ങള്‍ക്കാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര ഏക്കര്‍ റവന്യു ഭൂമി അടക്കം ആകെ കയ്യേറിയത് 11 ഏക്കറാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.