അച്ഛന്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ മുമ്പില്‍ അനുഗ്രഹത്തിന് എത്തി പൃഥ്വിരാജ്; കുറിപ്പ്

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ ഇന്നു നടക്കുകയാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സെന്‍സറിംഗിന് മുന്നോടിയായി അമ്മ മല്ലികാ സുകുമാരന്റെ അനുഗ്രഹം തേടി പൃഥ്വി എത്തിയ കാര്യം പറയുകയാണ് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാളായ സിദ്ധു പനക്കല്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അമ്മയുടെ അനുഗ്രഹം തേടിയെത്തിയ പൃഥ്വിയുടെ കാര്യം സിദ്ധു പറയുന്നത്.

“ലൂസിഫര്‍ സിനിമയുടെ സെന്‍സറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെ കാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തില്‍ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു രാജുവിന് “ലൂസിഫര്‍”. സുകുമാരന്‍സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. . തന്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ തിരക്കിനിടയില്‍ ഓടിയെത്തിയ മകനെ നിറഞ്ഞ സ്‌നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി.. മകന്റെ പൂര്‍ത്തീകരണത്തിനും സാക്ഷി.. അമ്മയുടെ അനുഗ്രഹത്തിനും സാക്ഷി. ദൃക്സാക്ഷി.” സിദ്ധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.

https://www.facebook.com/photo.php?fbid=2391281177775365&set=a.1394821917421301&type=3&theater