ഉഡുപ്പി-ചിക്കമംഗളൂരു പാതയില്‍ വിനോദയാത്ര ബസ് പാറക്കെട്ടില്‍ ഇടിച്ചു; ഒമ്പത് മരണം

ഉഡുപ്പി-ചിക്കമംഗളൂരു പാതയില്‍ വിനോദയാത്രാ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാധ രവി, പ്രീതം ഗൗഡ, ബസവ രാജു, അനഘ്ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്ജിത, ബസ് ഡ്രൈവര്‍ ഉമേഷ്, ക്ലീനര്‍ എന്നിവരാണു മരിച്ചത്. മരിച്ചവരെല്ലാവരും മൈസൂരുവിലെ സെഞ്ചുറിവിട്ടല്‍ റെക്കോര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്.

ശനിയാഴ്ച അര്‍ധരാത്രിയില്‍ ചുരം കടന്നു പോകുന്ന കാര്‍ക്കളക്ക് അടുത്തായാണ് അപകടമുണ്ടായത്. മൈസൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്നു ജീവനക്കാര്‍. യാത്ര തുടരുന്നതിനിടയില്‍ കേടുപാട് സംഭവിച്ച ബസ്, കളസയിലെ വര്‍ക്ക്ഷോപ്പില്‍ കയറ്റി അറ്റകുറ്റപണി പൂര്‍ത്തിയാക്കിയിരുന്നു.

ചുരത്തിലെ വളവില്‍ സ്റ്റീയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചു കയറുകയായിരുന്നു. 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ബസ് പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ മണിപ്പാല്‍, കാര്‍ക്കള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.