ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വര്‍ഷത്തെ സേവനം പൂർത്തിയാക്കി പോലീസ് ഉദ്യോഗസ്ഥന്‍

Advertisement

 

ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് റാസല്‍ ഖൈമ പൊലീസിലെ ജനറല്‍ കമാന്‍ഡര്‍ അബ്ദുറഹിമാന്‍ ഒബൈദ് അല്‍ തനൂജി.

റാക് പൊലീസിലെ ട്രാഫിക്-പട്രോള്‍ വിഭാഗത്തിലായിരുന്നു ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ഔദ്യോഗികവൃത്തിയിലും അച്ചടക്കത്തിന്റെ കാര്യത്തിലും അബ്ദുറഹിമാന്‍ തനൂജി ഒരു മാതൃകയാണെന്ന് റാക് മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുവൈമി അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അര്‍പ്പണബോധവും വകുപ്പിന്റെ സേവനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാക് പോലീസ് തനൂജിക്ക് സ്വീകരണം നല്‍കി. “ഞാൻ എന്റെ കടമ മാത്രമാണ് നിർവഹിച്ചിരുന്നത്,” യു.എ.ഇ നേതൃത്വത്തിന്റെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊണ്ട് അബ്ദുറഹിമാന്‍ തനൂജി പ്രതികരിച്ചു.