പേസര്‍മാര്‍ കസറി, തമിഴ്‌നാടിനെ പുറത്താക്കി കേരളം

Gambinos Ad
ript>

Gambinos Ad

ചെന്നൈ: രഞ്ജി ട്രോഫിയില്‍ കരുത്തരായ തമിഴ്‌നാടിനെ കുറഞ്ഞ സ്‌കോറിന് പുറത്താക്കി കേരളം. ഒന്നാം ഇന്നിംഗ്‌സില്‍ 268 റണ്‍സിനാണ് കേരളം തമിഴ്‌നാടിനെ പുറത്താക്കിയത്. ആറിന് 249 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച തമിഴ്‌നാടിന് 19 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി.

അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ പേസ് ബോളര്‍ സന്ദീപ് വാരിയയുടെ പ്രകടനമാണ് കേരളത്തിന് തുണയായത്. ബേസില്‍ തമ്പി നാലു വിക്കറ്റുമായി ഉജ്വല പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 22 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ തമിഴ്‌നാട് സ്‌കോറിനേക്കാള്‍ 210 റണ്‍സ് പിന്നിലാണ് കേരളം. പി.രാഹുല്‍ 30 റണ്‍സോടെയും സഞ്ജു സാംസണ്‍ ഒരു റണ്ണോടെയും ക്രീസില്‍.

ഓപ്പണര്‍മാരായ ജലജ് സക്‌സേന (നാല്), എ.ബി. അരുണ്‍ കാര്‍ത്തിക് (22) എന്നിവരാണ് പുറത്തായത്. 11 പന്തില്‍ നാലു റണ്‍സെടുത്ത സക്‌സേനയെ നടരാജാണ് പുറത്താക്കിയത്. 52 പന്തില്‍ 22 റണ്‍സെടുത്ത അരുണിനെ റഹീല്‍ ഷാ എല്‍ബിയില്‍ കുരുക്കി.

92 റണ്‍സുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാനാണ് തമിഴ്‌നാടിന്റെ സ്‌കോര്‍ 250 കടത്തിയത്. ക്യാപ്റ്റന്‍ ഇന്ദ്രജിത്തും തമിഴ്‌നാട് നിരയില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. 188 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 87 റണ്‍സെടുത്താണ് ഇന്ദ്രജിത്ത് പുറത്തായത്. ഷാരൂഖ് 155 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് 92 റണ്‍സെടുത്തത്.

സന്ദീപ് വാരിയര്‍ 25 ഓവറില്‍ 52 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. ബേസില്‍ തമ്പിയാകട്ടെ 19 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റ് സ്വന്തമാക്കിയത്.