ചെല്ലാനം ടെട്രാപോഡ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു, രൂക്ഷവിമര്‍ശനവുമായി പി. രാജീവ്; ‘തീരദേശ ജനതയോട് ഈ സര്‍ക്കാര്‍ വഞ്ചന കാണിക്കുകയാണ്’
എറണാകുളം ചെല്ലാനത്തെ കടലാക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണ പദ്ധതിയെ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ പി. രാജീവ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച രീതിയില്‍ നടപ്പിലാക്കിവന്ന പദ്ധതിക്ക് ഫണ്ട് അനുവദിക്കാതെ തീരദേശ ജനതയോട് വി ഡി സതീശന് സര്‍ക്കാര്‍ വഞ്ചന കാണിക്കുകയാണെന്നും പി രാജീവ് ആരോപിച്ചു. സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി രാജീവ്.
തീരദേശത്ത് നിരന്തരം അരക്ഷിതാവസ്ഥ നേരിടുന്ന ചെല്ലാനത്തെ മനുഷ്യരുടെ ദുരിതം തിരിച്ചറിഞ്ഞ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ശാസ്ത്രീയമായ ടെട്രാപോഡ് നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ 344.20 കോടി രൂപ ചെലവാക്കുകയും, രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 404 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച അവരുടെ ആദ്യ ബഡ്ജറ്റില്‍ ഈ പദ്ധതിക്കായി യാതൊരു തുകയും വകയിരുത്തിയിട്ടില്ലെന്ന് പി. രാജീവ് കുറ്റപ്പെടുത്തി.
കിഫ്ബി വഴിയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയ്ക്ക് ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍ കിഫ്ബി വേണ്ടെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് ചെല്ലാനത്തെ ജനങ്ങളുടെ ജീവന്മരണ പോരാട്ടമായ ഈ പദ്ധതിയെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ചെല്ലാനത്തെ ജനങ്ങളുടെ ജീവന് വെച്ച് സര്‍ക്കാര്‍ കളിക്കരുത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ഈ സ്വപ്നപദ്ധതി ഫണ്ട് അനുവദിക്കാതെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും പി. രാജീവ് മുന്നറിയിപ്പ് നല്കി.
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു