Wednesday, 19 August 2026
‘Honest storytelling is a powerful means of change
09:30:37 AM IST
National

ജന്തർ മന്തറിൽ കല്ലുകളുമായി കണ്ടെത്തിയ ട്രക്ക്; നേരത്തെ കസ്റ്റഡിയിലായിരുന്നതെന്ന് സമ്മതിച്ച് ഡൽഹി പൊലീസ്

ന്യൂസ് ഡെസ്ക് 29 July 2026, 12:15 pm
SHARE

ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധ വേദിക്ക് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് നേരത്തേ പൊലീസ് കസ്റ്റഡിയിലായിരുന്ന വാഹനമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ന്യൂഡൽഹി ഡിസിപിയുടെ വിശദീകരണമനുസരിച്ച്, പ്രതിഷേധത്തിന് നാല് ദിവസം മുമ്പ് ആറുപേർക്ക് പരിക്കേറ്റ അപകടവുമായി ബന്ധപ്പെട്ട കേസിൽ പിടിച്ചെടുത്ത വാഹനമാണിത്. ട്രക്കിലുണ്ടായിരുന്ന ലോഡ് പിന്നീട് ഒഴിവാക്കിയതായും ഡിസിപി എക്‌സിൽ അറിയിച്ചു.

‘ട്രക്ക് നമ്പർ HR63E 6865, ജന്തർ മന്തറിലോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഓഫീസിന് മുന്നിലോ വിന്യസിച്ചിരുന്നു എന്ന തരത്തിലുള്ള അവകാശവാദങ്ങൾ പൂർണമായും വ്യാജവും തെറ്റിദ്ധാരണ പടർത്തുന്നതുമാണ്. ആറു പേർക്ക് പരിക്കേൽക്കാൻ ഇടവരുത്തിയ, EECO വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ജൂലായ് 16ന് പിടിച്ചെടുത്ത ട്രക്കാണിത്. സ്ഥലപരിമിതി മൂലം ഈ ട്രക്ക് ആദ്യം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപമാണ് പാർക്ക് ചെയ്തിരുന്നത്. ചലോ സൻസദ് നീക്കത്തിന്റെ ഭാഗമായി ക്രമസമാധാന സജ്ജീകരണങ്ങൾ പരിഗണിച്ച്, ഈ ട്രക്കിലെ ലോഡ് ഒഴിവാക്കി, ജൂലായ് 20ന് പുലർച്ചെയോടെ സുരക്ഷിതമായി, ഉടമസ്ഥന് കൃത്യമായ നിർദേശം നൽകിയതിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പ്രതിഷേധക്കാർക്ക് എതിരായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന വാദം അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്. ഔദ്യോഗികമായ അറിയിപ്പുകളെ മാത്രം ആശ്രയിക്കുക’ എന്നാണ് ഡിസിപിയുടെ എക്‌സ് പോസ്റ്റ്.

ട്രക്കിന്റെ സാന്നിധ്യം വിവാദമായതോടെ, സമാധാനപരമായ ജനാധിപത്യ സമരത്തെ തകർക്കാനും ആക്രമണങ്ങൾക്ക് വഴിയൊരുക്കി നിരപരാധികളെ വ്യാജക്കേസുകളിൽ കുടുക്കാനുമുള്ള ആസൂത്രിത നീക്കമാണിതെന്ന് സിജെപി ആരോപിച്ചിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് ട്രക്ക് എത്തിക്കാൻ ആരാണ് നിർദേശം നൽകിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →