ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇതൊക്കെ ഒന്ന് മനസ്സില്‍ സൂക്ഷിച്ചോളൂ

Gambinos Ad
ript>

ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കൊരു യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. ഭൂമിശാസ്ത്രപരമായും, ജീവിതശൈലികൊണ്ടും അത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്‌ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ദേശങ്ങള്‍. മ്യന്മാറുമായി അതിർത്തി പങ്കിടുന്ന മണിപ്പൂർ‍, മ്യന്മാറിനും ചൈനക്കും അടുത്തായുള്ള മിസോറം, ചൈനയുടെ ഓരത്തുള്ള അരുണാചൽ‍, അസമിന് തൊട്ടു കിടക്കുന്ന മേഘാലയ, ഏറെ പ്രത്യേകതകൾ‍ ഉള്ള നാഗാലാ‌‍‌‍ൻഡ്, ബംഗാളികൾ‍ കുടിയേറിയ ത്രിപുര, ചൈന−ഇന്ത്യ കച്ചവട പാത കടന്നു പോകുന്ന സിക്കിം എന്നീ സംസ്ഥാനങ്ങളെയാണ് വടക്ക്കിഴക്ക് സംസ്ഥാനങ്ങളില്‍   ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Gambinos Ad

അരുണാചലിൽ‍ 90 ലധികം ഭാഷകൾ‍ നിലവിൽ‍ ഉണ്ട് എന്ന് പറയുമ്പോള്‍ തന്നെ ആ നാടിന്റെ വൈവിധ്യത്തെ കുറിച്ചു അറിയണം.  അവിടുത്തെ വ്യത്യസ്ത ഗോത്രങ്ങളുടെ എണ്ണം 50ലധികം വരും. ആഹാരരീതികൾ‍, വിശ്വാസങ്ങൾ‍, ഗോത്ര പാരമ്പര്യത്തില്‍ കാട്ടുന്ന ശുഷ്കാന്തി ഒക്കെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.  എന്നാല്‍ ഇവിടെക്കൊക്കെ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ മനസ്സില്‍ വെയ്ക്കേണ്ട ചില സംഗതികളുണ്ട്‌. അതൊക്കെ ഒന്ന് അറിഞ്ഞു വെച്ചിട്ട് വേണം ഇവിടങ്ങളിലെക്ക് ഒരു യാത്രയ്ക്ക് തയ്യാറെടുക്കാന്‍.

പൊതുവേ ഇന്ത്യയുടെ മറ്റു ദേശങ്ങളില്‍ കാണപ്പെടുന്ന വികസനങ്ങളൊന്നും ഇവിടേയ്ക്ക് ഇപ്പോഴും അധികം എത്തിയിട്ടില്ല.ഉപഭോഗ സംസ്കാരം അത്ര ഒന്നും സജീവമാകാത്ത വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ‍ വലിയ സിമന്‍റ് മാളികകളും ഷോപ്പിംഗ്‌ മാളുകളും വിരളമാണ്. അതിനാല്‍ ഒരു അടിച്ചു പൊളി യാത്രയാണ് മനസിലെങ്കില്‍ അതിനൊന്നും പറ്റിയ ഇടമല്ല ഇവിടം. എന്നാല്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അപൂര്‍വ്വകാഴ്ചകള്‍ ഒരു സഞ്ചാരിക്ക് സമ്മാനിക്കാന്‍ ഈ ദേശങ്ങള്‍ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.

ഇന്റര്‍നെറ്റ്‌ പോലെയുള്ള നൂതനസാങ്കേതികവിദ്യകള്‍ ഇവിടെ പ്രചരിച്ചു തുടങ്ങുന്നതെയുള്ളൂ. ചെറിയ നഗരങ്ങളില്‍ ഇവയൊക്കെ ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും ഉള്‍പ്രദേശങ്ങളിലേക്ക് എത്തുംതോറും ഫോണും ഇന്റര്‍നെറ്റും എല്ലാം ഇവിടെ വെറും കാഴ്ച വസ്തുക്കള്‍ ആകാനാണ് സാധ്യത.

യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ തന്നെ ആവശ്യമായ പണം കൈയില്‍ സൂക്ഷിക്കുകയാണ് നല്ലത്. കാരണം നമ്മുടെ നാട്ടിലെ പോലെ മുക്കിലും മൂലയിലുമൊന്നും ഇവിടെ എടിഎ൦  സൗകര്യമില്ല. ഉള്ളവയില്‍ എപ്പോഴും പൈസയും ഉണ്ടാവണമെന്നില്ല.

വടക്ക്കിഴക്ക് ദേശക്കാര്‍ ഏറെ സ്നേഹസമ്പന്നര്‍ തന്നെയാണ്. എന്നാല്‍ നമ്മുടെ സാധാരണയുള്ള ഹ്യൂമര്‍ സെന്‍സ് ചിലപ്പോള്‍ ഇവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കണമെന്നില്ല. ചിലയിടങ്ങളില്‍ ഇവരെ ചിങ്കികള്‍ എന്ന് മോശമായി സംബോധനചെയ്തു കാണാറുണ്ട്‌. എന്നാല്‍ ഇതൊക്കെ കേട്ട് അവിടെ പോയി അവരെ അങ്ങനെ എങ്ങാനും വിളിച്ചാല്‍ പിന്നെ നാട് പിടിക്കുക പ്രയാസകരമാകും എന്ന കാര്യം മനസ്സില്‍ സൂക്ഷിക്കുക.

നമ്മുടെ ആഹാരരീതികളുമായി ഒരു സാമ്യതയും ഇല്ലാത്ത നാടാണ് വടക്ക്കിഴക്കന്‍ ദേശങ്ങള്‍. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷണം എന്ന് പറഞ്ഞ പോലെയാണ് ഇവിടുത്തെ സ്ഥിതി. ഇഷ്ടമുള്ള ആഹാരം ലഭിക്കുന്നത് മോഹിച്ചിരിക്കാതെ കിട്ടുന്നത് കഴിക്കാനും പുതിയ രുചികള്‍ പരീക്ഷിക്കാനും ഉള്ള മനസുമായി ഇവിടേക്ക് പോകുക.  മിസോറാ, നാഗാലാന്ഡ് എന്നിവിടങ്ങളില്‍ ഉച്ചയൂണ് എന്നൊരു സമ്പ്രദായം പോലുമില്ല. മദ്യത്തിന് ഏറെക്കുറെ നിരോധനമുള്ള സംസ്ഥാനങ്ങള്‍ ആണ് മിസോറം, നാഗാലാന്ഡ്, മണിപൂര്‍ എന്നിവിടങ്ങള്‍. അതിനാല്‍ ഇവിടേയ്ക്ക് പോകുമ്പോള്‍ ഇക്കാര്യം ഒന്ന് ഓര്‍ക്കുക.

ഏതൊരു യാത്രയും സഞ്ചാരിയെ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് പഠിപ്പിക്കുന്നത്‌. ഒരുപാട് കാഴ്ചകള്‍ നിങ്ങള്‍ക്ക് ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ കാട്ടിതരും. എന്നാല്‍ അതിനെ നിങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ആ യാത്രയുടെ സുഖം.