ഈ ഹോട്ടലില്‍ പാര്‍സല്‍ നല്‍കുന്നത് സ്റ്റീല്‍ ചോറ്റുപാത്രങ്ങളില്‍; പാത്രം തിരിച്ചു കൊടുക്കാത്ത കസ്റ്റമറെ തിരിച്ചു കടയിലെത്തിക്കാനും വഴിയുണ്ട് ഇവരുടെ പക്കല്‍

Gambinos Ad

മഹാരാഷ്ട്രയില്‍  പൂര്‍ണ്ണപ്ലാസ്റ്റിക്‌ നിരോധനം ഏര്‍പ്പെടുത്തിയത്  കഴിഞ്ഞ ദിവസമായിരുന്നു. ബാഗുകളും കപ്പുകളുമുള്‍പ്പടെ എല്ലാവിധ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തെയും സംഭരണത്തെയും വിതരണത്തെയും നിരോധനം ബാധിച്ചിരുന്നു. എന്നാല്‍ ഈ നിരോധനം  തങ്ങളുടെ ബിസ്സിനസ്സിനെ ബാധിക്കാതിരിക്കാനും പ്ലാസ്റ്റിക്‌ നിരോധനം പ്രോത്സാഹിപ്പിക്കാനും പുതിയൊരു മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുകയാണ് പൂനയിലെ ഒരു ഭക്ഷണശാല.

Gambinos Ad

സ്റ്റീല്‍ കൊണ്ടുള്ള പാത്രങ്ങള്‍ കസ്റ്റമഴ്സിന് പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നല്‍കി കൊണ്ടാണ് ഈ ഹോട്ടല്‍ വ്യത്യസ്തത പരീക്ഷിക്കുന്നത്. ഭക്ഷണം പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യുന്ന എല്ലാവര്ക്കും ഇവര്‍ ആഹാരം നല്‍കുന്നത് സ്റ്റീല്‍ പാത്രത്തിലാണ്. ഇത് അടുത്ത ദിവസങ്ങളില്‍ ഹോട്ടലില്‍ തിരിച്ചെത്തിക്കുകയും ചെയ്യണമെന്നു മാത്രം. അത് ഉറപ്പു വരുത്താന്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിന്റെ വിലയ്ക്കൊപ്പം ഇരുനൂറു രൂപ കൂടി ഇവര്‍ അധികമായി വാങ്ങും. പാത്രം തിരിച്ചു ഹോട്ടലില്‍ എത്തിക്കുമ്പോള്‍ ഈ തുക തിരികെ കൈപറ്റുകയും ചെയ്യാം.

മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ട് വന്ന പ്ലാസ്റ്റിക്‌ നിരോധനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നാണ് ഹോട്ടല്‍ ഉടമ ഗണേഷ് ഷെട്ടി പറയുന്നത്. പരിസരമാലിന്യം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെങ്കില്‍ അതിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ക്കു സന്തോഷമേയുള്ളൂ എന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഈ നിരോധനം വളരെവേഗം  പ്രാബല്യത്തില്‍ വന്നത് മൂലം മിക്ക ഹോട്ടലുകാര്‍ക്കും തിരിച്ചടിയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലൂടെ എല്ലാമുള്ള ഓര്‍ഡറുകള്‍ എടുക്കുന്നത് തല്‍ക്കാലം നിലച്ച മട്ടാണ്. ആഹാരം പായ്ക്ക് ചെയ്തു കൊടുക്കാനുള്ള ബുദ്ധിമുട്ട് നിമിത്തമാണ് ഇത്. 1,200 മെട്രിക് ടണ്‍ പ്ലാസ്റിക് മാലിന്യമാണ് ഒരു ദിവസം മഹാരാഷ്ട്രയില്‍ നിന്നും നിരോധനത്തിന് മുന്‍പ് നീക്കം ചെയ്തിരുന്നത്. പരിസരമാലിന്യം കടുത്തതോടെയാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം കൊണ്ട് വന്നത്.