മലബാറിലെ ഓട്ടുപത്തിരിയും ലെബനനിലെ കിബെയും; എളുപ്പത്തില്‍ തയാറാക്കാവുന്ന 5 റംസാന്‍ വിഭവങ്ങള്‍

Gambinos Ad

റംസാന്‍ പിറക്കുന്നതോടെ പിന്നെ വ്രതശുദ്ധിയുടെ പുണ്യദിനങ്ങള്‍ ആരംഭിക്കുകയാണല്ലോ. പകല്‍ മുഴുവനും ഭക്തിയോടു അനുഷ്ഠിക്കുന്ന നോമ്പും പ്രാര്‍ഥനയും ഒപ്പം വൈകിട്ടത്തെ വിഭവസമ്പന്നമായ നോമ്പ്തുറയുമെല്ലാം റംസാന്‍ കാലത്തിന്റെ സവിശേഷതകള്‍ തന്നെയാണ്. റംസാന്‍ കാലത്ത് മാത്രമായി ഉണ്ടാക്കുന്ന വിഭവങ്ങള്‍ പോലും ഇന്ന് പ്രചാരത്തിലുണ്ട്. ഭക്തിനിര്‍ഭരമായ ഒത്തുചേരലുകളുടെ കൂടി ഇടമാണ് നോമ്പ്തുറ വേളകള്‍.

Gambinos Ad

ഡ്രൈ ആയ ഈന്തപ്പഴം അല്ലെങ്കില്‍ കാരക്ക നോമ്പുതുറ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഇനമാണ്. ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം. തരിക്കഞ്ഞി, ഇളനീരും അവലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങങ്ങളാണ്. പത്തിരിയും പൊറോട്ടയും ചപ്പാത്തിയും ബിരിയാണിയുമെല്ലാം നോമ്പ് തുറയ്ക്ക് മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാക്കും. എന്നാല്‍ നോമ്പ് തുറയ്ക്ക് എന്തെങ്കിലും വ്യത്യസ്തമായത് ഉണ്ടാക്കണം എന്ന് എല്ലാവര്‍ക്കും  ആഗ്രഹമുണ്ട്. സ്ഥിരം വിഭവങ്ങളില്‍ നിന്നും ഒരല്‍പം മാറ്റിപിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതും, വ്യത്യസ്തവും, വായില്‍ വെള്ളമൂറുന്നതുമായ കിടിലന്‍ നോമ്പ് തുറ സ്‌പെഷ്യല്‍ രുചികള്‍.

മലബാറിന്റെ തനത് വിഭവമായ ഓട്ടുപത്തിരി

മലബാറുകാര്‍ക്ക് പത്തിരി ഇല്ലാത്ത നോമ്പ്തുറ ഉണ്ടാകില്ല. അതില്‍ പ്രധാനമാണ് ഓട്ടുപത്തിരി. പത്തിരികളുടെ രാജാവായാണ് ഓട്ടുപത്തിരി അഥവാ ടയര്‍ പത്തിരി അറിയപ്പെടുന്നത് തന്നെ. എണ്ണ ഒട്ടും ഉപയോഗിക്കാതെ ചുട്ടെടുക്കുന്ന ഓട്ടുപത്തിരി കളി മണ്ണില്‍ രൂപപ്പെടുത്തിയ പ്രത്യേകതരം പത്തിരിക്കല്ല് ഉപയോഗിച്ചാണ് ചുടുന്നത്. അരച്ചെടുത്ത അരി വാഴയിലയില്‍ ഇരു ഭാഗത്തും പൊതിഞ്ഞ് ഓട്ടുപത്തിരി കല്ലില്‍ മിതമായ ചൂടിലാണ് ചുട്ടെടുക്കുന്നത്. വേവ് നോക്കി തിരിച്ചും മറിച്ചും ഇട്ടുകൊടുക്കണം.

യെമനില്‍ നിന്നും വന്ന മുതബക് – വളരെ വ്യത്യസ്തമായി എന്തെങ്കിലും തയ്യാറാക്കണം എന്നുള്ളവര്‍ക്കും മറ്റൊരു ദേശത്തെ നോമ്പ് തുറ വിഭവം പരീക്ഷിക്കണം എന്നുള്ളവര്‍ക്കും ധൈര്യമായി മുതബക് ഉണ്ടാക്കാം. യെമനില്‍ നോമ്പ് തുറയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ വിഭവം. മൈദ, മുട്ട , ആട്ടിറച്ചി, വെളുത്തുള്ളി, സവാള, കുരുമുളക് എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍. ഉണ്ടാക്കുന്ന വിധം ഇങ്ങനെ:

മൈദ 700 ഗ്രാം
മുട്ട 2 എണ്ണം
ആട്ടിറച്ചി 60 ഗ്രാം (ചെറുതായി നുറുക്കിയത്)
വെളുത്തുള്ളി 10 ഗ്രാം
സവാള 20 ഗ്രാം
സ്പ്രിങ് ഒനിയന്‍ ഗ്രീന്‍ ലീവ്‌സ40 ഗ്രാം (നുറുക്കിയത്) അല്ലെങ്കില്‍ അഞ്ച് ലീവ്‌സ്,ഉപ്പ്, കുരുമുളക് (പാകത്തിന്)
മൈദ വെള്ളം ചേര്‍ത്ത് സാധാരണ പൊറോട്ട റോള്‍ തയ്യാറാക്കുക. ഇത് പൊറോട്ടയുടേതുപോലെ മേശയില്‍ വീശിയിടുക. വേവിച്ച ആട്ടിറച്ചിക്കൊപ്പം മറ്റു ചേരുവകളെല്ലാം ചേര്‍ത്തിളക്കി പൊറോട്ട ഷീറ്റിന് നടുവില്‍ വെച്ച് മടക്കുക. ഇത് ഗ്രില്‍ ചെയ്‌തെടുക്കാം.

കിബെ കേട്ടിട്ട് തന്നെ ഒരു വ്യത്യസ്തത തോന്നുന്നുണ്ടോ ?എങ്കില്‍ സംഗതി ഒരല്‍പം വ്യത്യസ്തം തന്നെ. ലെബനനില്‍ നിന്നാണ് ഈ വിഭവം നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. തയ്യാറാക്കുന്ന വിധം ചുവടെ ;

ഷെല്‍ തയ്യാറാക്കാന്‍
ആട്ടിറച്ചി100 ഗ്രാം
നുറുക്ക് ഗോതമ്പ് 60 ഗ്രാം
ഫില്ലിങ് തയ്യാറാക്കാന്‍
ആട്ടിറച്ചി100 ഗ്രാം
സവാള ക്വാര്‍ട്ടര്‍ (നുറുക്കിയത്)
വെളുത്തുള്ളിഒരു അല്ലി നുറുക്കിയത്
കറുവപട്ട പൗഡര്‍ഒരു നുള്ള്

മല്ലിയില/പാഴ്‌സലി  ഒരു ടേബിള്‍ സ്പൂണ്‍ (നുറുക്കിയത്)
പൈന്‍നട്ട് (ഓപ്ഷനല്‍) 10 എണ്ണം

ഷെല്‍ തയ്യാറാക്കുന്നതിന് വെള്ളത്തില്‍ കുതിര്‍ത്തെടുത്ത നുറുക്ക് ഗോതമ്പും മിന്‍സ് ചെയ്ത ഇറച്ചിയും ചേര്‍ത്ത് മിക്‌സ് തയ്യാറാക്കുക. ഫില്ലിങ് ചേരുവകളില്‍ സവാള, വെളുത്തുള്ളി എന്നിവ വഴറ്റിയതിലേക്ക് നുറുക്കിയ ഇറച്ചിയും മല്ലിയില/പാഴ്‌സലി ഇട്ട് വഴറ്റിയെടുക്കുക. കറുവപ്പട്ട പൗഡര്‍, ഉപ്പ്, കുരുമുളക് എന്നിവ കൂടി ഇതിലേക്ക് മിക്‌സ് ചെയ്യാം. ഷെല്‍ തയ്യാറാക്കുന്നതിന് ഒരുക്കിവെച്ച മാവ് ചെറു ഉരുളകളാക്കുക. ഇതില്‍ വിരല്‍ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി ഫില്ലിങ് ചേരുവകള്‍ നിറച്ച് അടച്ച് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം.

ഉന്നക്കായ

ഉന്നക്കായ ഇല്ലാതെ മലബാറില്‍ എന്ത് നോമ്പ്തുറ എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കാരണം മലബാര്‍ മേഖലയിലെ നോമ്പ് തുറ പലഹാരങ്ങളില്‍ മുഖ്യമാണ് ഉന്നക്കായ. എങ്ങനെ മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ ഉണ്ടാക്കാം എന്ന് നോക്കാം.

നേന്ത്രപ്പഴം 1 കിലോ
തേങ്ങ ചിരവിയത് അരക്കപ്പ്
മുട്ട നാലെണ്ണം
നെയ്യ് 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍
പഞ്ചസാര300 ഗ്രാം
അണ്ടിപ്പരിപ്പ് 10 എണ്ണം
എണ്ണ ആവശ്യത്തിന്
റൊട്ടിപ്പൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചെടുക്കുക. ഇതിന് ശേഷം വേവിച്ച് വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച് വെച്ചിരിയ്ക്കുന്ന പഴം കൈയ്യില്‍ വെച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക. ഇതില്‍ നമ്മള്‍ ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.

മുട്ടമാല മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നോമ്പ് തുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ ഒരു വിഭവമാണ് ഇത്. ചേരുവകള്‍:

കോഴിമുട്ട 20 എണ്ണം
പഞ്ചസാര : അരക്കിലോ

തയാറാക്കുന്ന വിധം കോഴി മുട്ടയുടെ മഞ്ഞ മാത്രം തിരിച്ചെടുത്തു നന്നായി അടിച്ചെടുത്ത ശേഷം ഒരു മുട്ടത്തോടില്‍ ചെരിയ ഒരു ദ്വാരമിട്ടു അതില്‍ ഈ മിശ്രിതം നിറയ്ക്കുക. പഞ്ചസാര ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയില്‍ മുട്ടമഞ്ഞ നിറച്ച തോട് വട്ടത്തില്‍ കറക്കി ഒഴിച്ചു വറുത്തു കോരുക. മുട്ടത്തോടിന് പകരം ചെറിയ സുഷിരങ്ങളുള്ള തവിയോ പാത്രമോ ഉപയോഗിക്കാം.