
ഒരു കാട്ടിലെ എല്ലാ മരങ്ങളുടെയും കീഴ് ത്തടി വടക്കോട്ട് വളഞ്ഞു നില്ക്കുന്നൊരു കാട്. ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും ഉത്തരം കണ്ടെത്താന്‍ സാധിക്കാത്തൊരു പ്രതിഭാസമാണ് പോളണ്ടിലെ വെസ്റ്റ് പോമറേനിയയില്‍ നീണ്ടു ഇടതൂര്‍ന്നു നില്ക്കുന്ന ഈ പൈന്മരക്കാട്. ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണ് ശാസ്ത്രലോകം ഈ കാടിനു നല്‍കിയിരിക്കുന്ന പേര് തന്നെ.

എന്ത് കൊണ്ടാണ് ഇവിടുത്തെ മരങ്ങളുടെ കീഴ് ത്തടി മാത്രം വടക്കോട്ട് വളഞ്ഞിരിക്കുന്നത് എന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവിടുത്തെ കാലാവസ്ഥയാകാം ഇതിനു പിന്നിലെന്നാണ് ഒരു സംഘത്തിന്റെ വാദം, അല്ല ഇത് മനുഷ്യനിര്‍മ്മിതമാകാം എന്ന് മറ്റു ചിലരും വാദിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയുള്ള ഇവിടെ മഞ്ഞിന്റെ ഭാരം താങ്ങാനാകാതെ മരങ്ങള്‍ വളഞ്ഞു പോയതാകാം എന്ന് പറയപ്പെടുന്നു എങ്കിലും എന്ത് കൊണ്ട് കുറച്ചു മരങ്ങള്‍ മാത്രം ഇങ്ങനെ എന്നതും ദുരൂഹം. എന്തായാലും ഈ ക്രൂക്ക്ഡ് ഫോറസ്റ്റിന് പിന്നിലെ രഹസ്യം ഇപ്പോഴും അഞ്ജാതം തന്നെ.
കൃത്രിമവഴികളിലൂടെ മരങ്ങള്‍ വളച്ചെടുത്തു ഫര്‍ണിച്ചറുകളും കപ്പലുകളുമൊക്കെ നിര്‍മ്മിക്കുന്ന രീതി പണ്ട് നിലവിലുണ്ടായിരുന്നു. ഇങ്ങനെ ആരെങ്കിലും ചെയ്തതാകാം എന്നും പറയുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്താണ് ഈ മരങ്ങള്‍ നട്ടിരിക്കുന്നത്. ഏകദേശം 1930 കളില്‍ ആണ് ഇതിനു തുടക്കമിട്ടത്. ജര്‍മന്‍ സേനയുടെ പിടിയിലായിരുന്നു അക്കാലത്ത് ഇവിടം. ഇവിടെയുള്ള 400 പൈൻ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് വടക്കോട്ട് വളഞ്ഞിരിക്കുന്നത് എന്നതാണ് വിചിത്രം. നിലവിൽ സംരക്ഷിത വനപ്രദേശമാണ് ഇവിടം.
ഏതോ ഹൊറര്‍ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പ്രദേശമാണ് ഈ വനത്തിനു ചുറ്റും. പകല്‍ നേരങ്ങളില്‍ പോലും കനത്ത മൂടല്‍ മഞ്ഞാണ് പലപ്പോഴും. എന്തൊക്കെയായാലും ഈ ക്രൂക്ക്ഡ് ഫോറസ്റ്റ് കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഞ്ചാരികളുടെ ഒഴുക്കാണ്.