Sunday, 9 August 2026
‘Honest storytelling is a powerful means of change
10:06:14 AM IST
Cricket

ടി-20 ലോകകപ്പ് നേടി തന്ന സഞ്ജുവിന്റെ സംഭാവന ടീം മാനേജ്‌മന്റ് ഒരിക്കലും മറക്കരുത്: അമ്പാട്ടി റായുഡു

SHARE

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കടുത്ത അമ്പരപ്പും വിയോജിപ്പും രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും അമ്പാട്ടി റായുഡുവും. ലോകകപ്പിന് ശേഷം നടന്ന മൂന്ന് ഇന്നിങ്സുകളിൽ യഥാക്രമം 5, 0, 1 എന്നിങ്ങനെ കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതിന് പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്നും ഇന്ത്യൻ മാനേജ്‌മെന്റ് ഒഴിവാക്കിയത്.

ഇന്ത്യയുടെ സമീപകാല ട്വന്റി-20 ലോകകപ്പ് കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത സഞ്ജുവിനെ ഇത്ര പെട്ടെന്ന് മാറ്റിയതാണ് ആരാധകർക്കിടയിലും ക്രിക്കറ്റ് നിരീക്ഷകർക്കിടയിലും വലിയ ചർച്ചയായിരിക്കുന്നത്. യുവതാരം വൈഭവ് സൂര്യവംശി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ സഞ്ജയ് മഞ്ജരേക്കർ, സഞ്ജുവിനെ ടീമിൽ നിലനിർത്തി ബാറ്റിങ് ഓർഡറിൽ മൂന്നാം നമ്പറിലേക്ക് മാറ്റി പരീക്ഷിക്കാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.

സഞ്ജുവിനെ ഒഴിവാക്കിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇത് പരിക്കാണെന്ന് കരുതാനാണ് തനിക്ക് താല്പര്യമെന്നും അല്ലാത്തപക്ഷം ഇതൊരു വിചിത്രമായ സെലക്ഷൻ തീരുമാനമാണെന്നും മഞ്ജരേക്കർ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡുവും സഞ്ജു സാംസണ് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിന്റെ സമീപകാലത്തെ വലിയ സംഭാവനകളെ ആരാധകരും സെലക്ടർമാരും ഇത്ര പെട്ടെന്ന് മറക്കരുതെന്ന് റായുഡു ഓർമ്മിപ്പിച്ചു.

വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം വലിയ രീതിയിൽ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്നും എന്നാൽ വെറും മൂന്ന് മത്സരങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ഹീറോ ആയിരുന്ന താരമാണ് സഞ്ജു എന്ന കാര്യം വിസ്മരിക്കരുതെന്നും റായുഡു എക്സിൽ കുറിച്ചു. ഈ തിരിച്ചടിയിൽ നിന്നും സഞ്ജു കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച റായുഡു, വൈഭവിന് മികച്ചൊരു കരിയർ ആശംസിക്കുകയും ചെയ്തു.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →