Wednesday, 19 August 2026
‘Honest storytelling is a powerful means of change
08:25:49 AM IST
Voices

ഡൽഹിയിലെ സമരപ്പന്തൽ പൊളിഞ്ഞു; പക്ഷേ ഇന്ത്യയുടെ സമരഭൂപടം ഇപ്പോഴും നിറഞ്ഞുകിടക്കുന്നു

മിനി മോഹൻ 26 July 2026, 11:00 am
SHARE

സമരം അവസാനിച്ചു. ഡൽഹിയിലെ സമരപ്പന്തലുകൾ പൊളിഞ്ഞു. ആയിരക്കണക്കിന് Gen Z യുവാക്കൾ വീടുകളിലേക്ക് മടങ്ങി. അധികാരത്തോട് ചോദ്യം ചോദിക്കാൻ യുവതലമുറ തയ്യാറാണെന്ന് പലരും ആഘോഷിച്ചു. എന്നാൽ സമരം അവസാനിക്കുന്ന ഈ നിമിഷത്തിൽ പറയാതെ വയ്യാത്ത ഒരു അപ്രിയസത്യമുണ്ട്. അത് ഇന്ത്യയിലെ മുഴുവൻ യുവത്വത്തിന്റെയും സമരമായിരുന്നില്ല. അത് വലിയൊരളവിൽ നഗര മധ്യവർഗത്തിന്റെ, സവർണ അനുഭവങ്ങളുടെ, സ്വന്തം ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുടെ സമരമായിരുന്നു. അതുകൊണ്ടാണ് അതിന് ഇത്ര വലിയ ദേശീയ പിന്തുണയും മാധ്യമശ്രദ്ധയും ലഭിച്ചത്.

ഈ രാജ്യത്ത് അനീതി ആരംഭിച്ചത് ഇന്നലെയല്ല. ഭരണഘടന ഉറപ്പുനൽകിയ സംവരണം വർഷങ്ങളായി പല വഴികളിലൂടെ ദുർബലമാക്കപ്പെടുകയാണ്. നിയമനങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, സാമൂഹ്യനീതിയുടെ ഘടനയിൽ നിരന്തരം ഇടപെടലുകൾ നടക്കുകയാണ്. അപ്പോൾ ഈ തലമുറ എവിടെയായിരുന്നു? അന്ന് പലർക്കും സംവരണം “മെറിറ്റിനെ തകർക്കുന്ന സംവിധാനം” മാത്രമായിരുന്നു. സ്വന്തം അവസരങ്ങൾ അപകടത്തിലാകുമ്പോൾ മാത്രം രാഷ്ട്രീയബോധം ഉണരുകയും മറ്റൊരാളുടെ അവകാശം നഷ്ടപ്പെടുമ്പോൾ നിശ്ശബ്ദരാകുകയും ചെയ്യുന്ന മനോഭാവം ജനാധിപത്യത്തിന്റെ രാഷ്ട്രീയം അല്ല; അത് പ്രത്യേകാവകാശത്തിന്റെ രാഷ്ട്രീയം മാത്രമാണ്.

ഡെന്റൽ വിദ്യാർത്ഥിയായ നിധിൻ രാജ് സഹിക്കാനാവാത്ത പീഡനങ്ങൾക്കൊടുവിൽ ജീവനൊടുക്കേണ്ടി വന്നപ്പോൾ രാജ്യമൊട്ടാകെ വിദ്യാർത്ഥി സമരം ഉയർന്നില്ല. ദളിത് വിദ്യാർത്ഥി സംഘടനകൾ പോരാട്ടം ഏറ്റെടുത്തപ്പോൾ അനേകം ക്യാമ്പസുകളിൽ മറ്റുള്ളവർ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഒരു കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളോളം സംഘടിതമായി പ്രതിഷേധിക്കാൻ കഴിയുന്ന യുവതലമുറയ്ക്ക്, ഒരു വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ട സംവിധാനത്തിനെതിരെ അതേ ദേശീയ ഐക്യം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ട്? കാരണം എല്ലാ അനീതികളും ഒരുപോലെ രാഷ്ട്രീയമാകുന്നില്ല; മധ്യവർഗത്തെ നേരിട്ട് ബാധിക്കുന്ന അനീതികൾക്കാണ് ദേശീയ സ്വഭാവം ലഭിക്കുന്നത്.

ഡൽഹിക്ക് പുറത്തുള്ള ഇന്ത്യയെ നോക്കൂ. കർണാടകയിൽ ഡാറ്റാ സെന്ററുകൾക്കും വ്യവസായ പദ്ധതികൾക്കുമായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷകർ മാസങ്ങളായി സമരത്തിലാണ്. അത് ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം മാത്രമല്ല; ഭക്ഷ്യസുരക്ഷയ്ക്കും ഉപജീവനത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. പക്ഷേ ആ സമരത്തിന്റെ ചിത്രങ്ങൾ എത്ര വിദ്യാർത്ഥി സംഘടനകളുടെ ബാനറുകളിലുണ്ട്?

മധ്യപ്രദേശിൽ അണക്കെട്ടുകളുടെ പേരിൽ ആദിവാസി ഗ്രാമങ്ങൾ വീണ്ടും വീണ്ടും മുങ്ങുകയാണ്. വികസനത്തിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു. നഷ്ടപരിഹാരവും പുനരധിവാസവും ഇന്നും അപൂർണമാണ്. ആ മനുഷ്യരുടെ നിലവിളി ദേശീയ യുവജന പ്രക്ഷോഭത്തിന്റെ വിഷയമാകുന്നില്ല.

ഉത്തരാഖണ്ഡിലെ ഋഷികേശും ഹിമാലയൻ മേഖലയുമൊക്കെയായി വനനശീകരണത്തിനെതിരെയും പരിസ്ഥിതി നാശത്തിനെതിരെയും ജനങ്ങൾ വർഷങ്ങളായി പോരാടുന്നു. ചിപ്കോ പ്രസ്ഥാനത്തിന്റെ ആത്മാവ് ഇന്നും അവിടെ ജീവിക്കുന്നു. മരങ്ങളെ കെട്ടിപ്പിടിച്ച് ഭൂമിയെ രക്ഷിച്ച സ്ത്രീകളുടെ രാഷ്ട്രീയം ലോകം പഠിച്ചപ്പോൾ, ഇന്നത്തെ ഡിജിറ്റൽ തലമുറയ്ക്ക് ആ സമരങ്ങൾ ട്രെൻഡാകുന്നില്ല.
മണിപ്പൂർ കത്തിയപ്പോൾ എത്ര ക്യാമ്പസുകൾ മാസങ്ങളോളം പ്രതിഷേധിച്ചു? മഹാരാഷ്ട്രയിലെ കർഷകസമരങ്ങൾ, ഗുജറാത്തിലെ തൊഴിലാളി പോരാട്ടങ്ങൾ, ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും ആദിവാസി പ്രതിരോധങ്ങൾ, ഖനന പദ്ധതികൾക്കെതിരായ ഗ്രാമീണ സമരങ്ങൾ, വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെ നിലവിളി—ഇവയെല്ലാം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ജീവനാണ്. പക്ഷേ നഗരങ്ങളിലെ മധ്യവർഗ യുവത്വത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇവ പലപ്പോഴും ഇല്ല.

പഞ്ചാബിലും ഹരിയാനയിലും കർഷകർ വർഷങ്ങളായി കാർഷിക നയങ്ങൾക്കും താങ്ങുവില ഉറപ്പിനും (MSP), കടബാധ്യതയ്ക്കും കൃഷിയുടെ നിലനിൽപ്പിനുമായി തെരുവിലാണ്. ഡൽഹിയുടെ അതിർത്തികളിൽ മാസങ്ങളോളം നീണ്ടുനിന്ന കർഷക സമരം ലോകം കണ്ടു. നൂറുകണക്കിന് കർഷകർ ജീവൻ നഷ്ടപ്പെട്ട ആ പോരാട്ടം ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു. എന്നാൽ ആ സമരത്തിന്റെ ആവേശം നഗരങ്ങളിലെ ക്യാമ്പസുകളിൽ എത്രത്തോളം സ്ഥിരമായ രാഷ്ട്രീയബോധമായി മാറി? കർഷകന്റെ അവകാശം സ്വന്തം ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് എത്ര Gen Z യുവാക്കൾ തിരിച്ചറിഞ്ഞു?

ഇന്ത്യയിലെ പുതിയ തലമുറ രാഷ്ട്രീയത്തെ പലപ്പോഴും സ്വന്തം ജീവിതത്തിലേക്ക് ചുരുക്കുകയാണ്. സ്വന്തം പരീക്ഷ, സ്വന്തം ജോലി, സ്വന്തം കരിയർ, സ്വന്തം അവസരം—ഇവയെ ബാധിക്കുന്ന വിഷയങ്ങളിൽ മാത്രമാണ് വലിയ വികാരം. എന്നാൽ കർഷകന്റെ ഭൂമി നഷ്ടപ്പെടുമ്പോൾ, ആദിവാസിയുടെ കാട് നഷ്ടപ്പെടുമ്പോൾ, ദളിതന്റെ ഭരണഘടനാപരമായ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ, ന്യൂനപക്ഷങ്ങളുടെ സുരക്ഷ തകരുമ്പോൾ, തൊഴിലാളിയുടെ ജീവിതം ചൂഷണം ചെയ്യപ്പെടുമ്പോൾ അതേ ആവേശം കാണുന്നില്ല.

ജനാധിപത്യം സ്വന്തം ഭാവിക്കുവേണ്ടി മാത്രം തെരുവിലിറങ്ങുന്നവരുടെ പേരല്ല. സ്വന്തം ജീവിതത്തെ നേരിട്ട് ബാധിക്കാത്ത അനീതിക്കെതിരെയും ശബ്ദമുയർത്താനുള്ള ധാർമിക ശേഷിയാണ് ജനാധിപത്യം. ഇന്ത്യയുടെ സമരചരിത്രം അതാണ് പഠിപ്പിക്കുന്നത്. ചിപ്കോയും നർമദയും, കർഷക സമരങ്ങളും, വനാവകാശ പോരാട്ടങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും, ദളിത്-ആദിവാസി പ്രതിരോധങ്ങളും, വിദ്യാർത്ഥി സമരങ്ങളും ചേർന്നാണ് ഈ രാജ്യത്തെ ജനാധിപത്യം നിലനിന്നത്.

അതുകൊണ്ട് ഒരു ചോദ്യം ബാക്കിയാകുന്നു.
എന്റെ Gen Z സുഹൃത്തേ, സംവരണത്തെക്കുറിച്ചുള്ള നിന്റെ അഭിപ്രായം മാറിയോ? അതോ ഇന്നും അത് “മെറിറ്റിനെ ആട്ടിമറിക്കുന്ന സംവിധാനം” തന്നെയാണോ?
നിന്റെ രാഷ്ട്രീയം ഡൽഹിയിലെ സമരപ്പന്തലിൽ അവസാനിക്കുന്നതാണോ? അതോ കർണാടകയിലെ കർഷകന്റെ വയലിലേക്കും, മധ്യപ്രദേശിലെ ആദിവാസിയുടെ ഗ്രാമത്തിലേക്കും, മണിപ്പൂരിലെ അഭയാർഥി ക്യാമ്പിലേക്കും, ഋഷികേശിലെ വനങ്ങളിലേക്കും, ഇന്ത്യയുടെ ഓരോ മറന്നുപോയ സമരങ്ങളിലേക്കും അത് എത്തുമോ?
ഇന്ത്യയ്ക്ക് പ്രതിഷേധിക്കാൻ അറിയുന്ന ഒരു തലമുറയെക്കാൾ കൂടുതൽ ആവശ്യമുള്ളത്, ആരുടെ വേദനയ്ക്കാണ് പ്രതിഷേധിക്കേണ്ടത് എന്ന് തിരിച്ചറിയുന്ന ഒരു തലമുറയാണ്. അധികാരത്തെ മാത്രം ചോദ്യം ചെയ്താൽ പോരാ; സ്വന്തം പ്രത്യേകാവകാശങ്ങളെയും സ്വന്തം നിശ്ശബ്ദതയെയും സ്വന്തം ഇരട്ടത്താപ്പിനെയും ചോദ്യം ചെയ്യണം. അല്ലാത്തപക്ഷം ചരിത്രം ഈ തലമുറയെ ഒരു വിപ്ലവതലമുറയായി ഓർക്കില്ല. സ്വന്തം ഭാവിയെക്കുറിച്ച് മാത്രം പോരാടിയ, മറ്റുള്ളവരുടെ ഭാവിയെ നിശ്ശബ്ദമായി കണ്ടുനിന്ന ഒരു മധ്യവർഗ തലമുറയായിരിക്കും അത് ഓർക്കപ്പെടുക.

ഇന്ത്യയിൽ സമരങ്ങളുടെ കുറവില്ല; അവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട യുവജന രാഷ്ട്രീയത്തിനാണ് കുറവ്.

Read More
s
മിനി മോഹൻ
View all posts →