പ്രളയം പ്രകൃതിയുടേത് മാത്രമല്ല; നമ്മുടെ ഭരണപരാജയത്തിന്റെയും മാലിന്യസംസ്കാരത്തിന്റെയും ഫലമാണ്
പത്തനംതിട്ടയിൽ ഉണ്ടായ മിന്നൽപ്രളയം വീണ്ടും ഒരു സത്യം ഓർമ്മിപ്പിക്കുന്നു. കേരളത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ മഴയെ കുറ്റപ്പെടുത്തും. എന്നാൽ മഴയേക്കാൾ വലിയ പ്രശ്നം നമ്മുടെ നദികളോടും തോടുകളോടും കായലുകളോടും നാം കാണിക്കുന്ന അവഗണനയാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജലാശയങ്ങൾ പല സ്ഥലങ്ങളിലും മാലിന്യം തള്ളാനുള്ള ഇടങ്ങളായി മാറി. പ്ലാസ്റ്റിക് മുതൽ നിർമാണമാലിന്യങ്ങൾ വരെ, ഗാർഹിക മാലിന്യങ്ങൾ മുതൽ അനധികൃത മലിനജല ഒഴുക്കുകൾ വരെ നദികളിലും തോടുകളിലും പതിക്കുന്നു. മഴവെള്ളം ഒഴുകിപ്പോകേണ്ട സ്വാഭാവിക വഴികൾ അടഞ്ഞുപോകുമ്പോൾ, അതിശക്തമായ മഴ പെയ്താൽ വെള്ളം ജനവാസമേഖലകളിലേക്ക് കയറുന്നത് അത്ഭുതമല്ല.
ശുചിത്വത്തെക്കുറിച്ച് കേരളം വലിയ പ്രചാരണങ്ങൾ നടത്താറുണ്ട്. എന്നാൽ പ്രചാരണവും യാഥാർത്ഥ്യവും തമ്മിൽ വലിയ അകലമുണ്ട്. ഉറവിടത്തിൽ മാലിന്യം വേർതിരിക്കൽ, ശാസ്ത്രീയ സംസ്കരണം, ഡ്രെയിനേജ് പരിപാലനം, നദികളുടെ പുനരുജ്ജീവനം എന്നിവയിൽ സമഗ്രമായ സംവിധാനങ്ങൾ ഇല്ലെങ്കിൽ ശുചിത്വ മുദ്രാവാക്യങ്ങൾ മാത്രം കൊണ്ട് ഒരു സംസ്ഥാനവും സുരക്ഷിതമാകില്ല.
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം നഗരമാലിന്യ നിയന്ത്രണത്തിലെ ഗുരുതര പോരായ്മകളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയിരുന്നു. ഇപ്പോൾ പത്തനംതിട്ടയിലെ പ്രളയവും അതേ മുന്നറിയിപ്പാണ് നൽകുന്നത്. ഒരു ദുരന്തം അവസാനിച്ചാൽ ഏതാനും ദിവസത്തെ ചർച്ചയും സന്ദർശനങ്ങളും പ്രഖ്യാപനങ്ങളും നടക്കും. പിന്നീട് എല്ലാം പഴയപടിയാകും. അടുത്ത മഴവരെ.
നദികൾക്ക് അവയുടെ സ്വാഭാവിക ഒഴുക്ക് തിരികെ നൽകണം. കൈയേറ്റങ്ങൾ നീക്കം ചെയ്യണം. അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും ശാസ്ത്രീയമായി നീക്കം ചെയ്യണം. നഗരങ്ങളിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖല പുനർരൂപകൽപ്പന ചെയ്യണം. ഡാമുകളുടെ പ്രവർത്തനം, കാലാവസ്ഥാ മുന്നറിയിപ്പുകൾ, പ്രാദേശിക ഭരണകൂടങ്ങൾ, ദുരന്തനിവാരണ സംവിധാനം എന്നിവ തമ്മിൽ തത്സമയ ഏകോപനം ഉറപ്പാക്കണം.
അതോടൊപ്പം, നദികളിലും കായലുകളിലും മാലിന്യം തള്ളുന്നത് ചെറിയ നിയമലംഘനമല്ല; പൊതുസമ്പത്തിനും പൊതുസുരക്ഷയ്ക്കുമെതിരായ കുറ്റമാണ്. നിയമം കർശനമായി നടപ്പാക്കുകയും, പിഴയും ക്രിമിനൽ നടപടികളും ഉൾപ്പെടുന്ന ശക്തമായ നിർവഹണ സംവിധാനം ഉണ്ടാക്കുകയും വേണം.
കേരളത്തിന് ഇന്ന് ആവശ്യമായത് ഓരോ പ്രളയത്തിനും ശേഷമുള്ള വികാരപ്രകടനമല്ല. സമഗ്രമായ റിവർ മാനേജ്മെന്റ്, വാട്ടർ ഗവേണൻസ്, കാലാവസ്ഥാ അനുകൂലന (Climate Adaptation), പ്രളയപ്രതിരോധ (Flood Resilience) പദ്ധതികളാണ്. 2018-ലെ മഹാപ്രളയത്തിന് ശേഷം പല വിദഗ്ധരും ഇതേ ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ നടപ്പാക്കൽ ഇന്നും അപൂർണമാണ്.
പ്രകൃതിദുരന്തങ്ങളെ പൂർണമായി തടയാൻ മനുഷ്യർക്കാവില്ല. പക്ഷേ, അവയെ മനുഷ്യനിർമിത ദുരന്തങ്ങളാക്കി മാറ്റാതിരിക്കാൻ നമുക്ക് കഴിയും. അതിന് രാഷ്ട്രീയ ഇച്ഛാശക്തിയും ശാസ്ത്രീയ ആസൂത്രണവും ഉത്തരവാദിത്തമുള്ള ഭരണവും ജനങ്ങളുടെ പങ്കാളിത്തവും ഒരുമിച്ച് പ്രവർത്തിക്കണം.
അല്ലെങ്കിൽ ഓരോ വർഷവും മഴ പെയ്യുമ്പോൾ കേരളം വീണ്ടും അതേ ദുഃഖം ആവർത്തിക്കും. നഷ്ടമാകുന്നത് വീടുകളും വ്യാപാരസ്ഥാപനങ്ങളും മാത്രമല്ല; പൊതുസമ്പത്തും ജനങ്ങളുടെ വിശ്വാസവും ഭാവിയും കൂടിയാണ്.
സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ യാത്ര; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ബ്ലേഡ് കൊണ്ട് ആക്രമണവും; നടി അറസ്റ്റിൽ
‘എല്ലാ ദിവസവും ഗാസയിലെ 40 പേരെ കൊല്ലണം, അവരെ ജീവിക്കാൻ അനുവദിച്ചുകൂടാ’; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി