Tuesday, 11 August 2026
‘Honest storytelling is a powerful means of change
05:58:13 AM IST
Celebrity Talk

‘മാസത്തിൽ അഞ്ചാറു തവണ ലൈംഗികമായി വഴങ്ങണമെന്നായിരുന്നു ആവശ്യം’; പ്രമുഖനെതിരെ വെളിപ്പെടുത്തലുമായി നടി ആകാശ്‍ക ചൗധരി

SHARE

​മോഡലിംഗ്-ബ്യൂട്ടി പേജന്റ് രംഗത്തെ ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടിയും റിയാലിറ്റി ഷോ താരവുമായ ആകാശ്‍ക ചൗധരി. പ്രശസ്തമായ ‘ലോക്ക് അപ്പ്’ റിയാലിറ്റി ഷോയുടെ വേദിയിലാണ് ആകാശ്‍ക ചൗധരി തന്റെ കരിയറിലെ ദുരനുഭവം കണ്ണീരോടെ വെളിപ്പെടുത്തിയത്. തന്റെ കരിയർ ഇത്ര ദൂരം എത്തിക്കാൻ താൻ ഏറെ പ്രയാസപ്പെട്ടുവെന്നും, പല ചൂഷണങ്ങളും നേരിട്ടുവെന്നുമാണ് താരം പറഞ്ഞത്. പണത്തിന് പകരമായി ഞെട്ടിക്കുന്ന ആവശ്യമാണ് പ്രമുഖ നടൻ ഉന്നയിച്ചതെന്നും താരം പറയുന്നു.

ഒരു ബ്യൂട്ടി പേജന്റിൽ പങ്കെടുക്കാൻ വസ്ത്രങ്ങളും ട്രെയിനിംഗ് ഫീസുമായി ഏകദേശം 1 മുതൽ 2 ലക്ഷം രൂപ വരെ ആകാശ്‍കയ്ക്ക് ആവശ്യമുണ്ടായിരുന്നു. ആ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടുംബത്തെ സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, വർഷങ്ങളായി പരിചയമുള്ളതും സൗന്ദര്യമത്സരങ്ങളിൽ ജഡ്ജിയായിരുന്നതുമായ സ്വാധീനമുള്ള ഒരു പ്രമുഖ വ്യക്തിയെ അവർ സഹായത്തിനായി സമീപിച്ചു. പണത്തിന് പകരം അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്ത് ആ തുക തിരികെ നൽകാം എന്നായിരുന്നു ആകാശ്‍ക വാഗ്ദാനം ചെയ്തത്.

​തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ആകാശ്‍കയ്ക്ക് നേരിടേണ്ടിവന്നത് മോശമായ പെരുമാറ്റമായിരുന്നു. തുക നൽകാൻ തയ്യാറാണെന്നും എന്നാൽ പകരം തനിക്ക് മാസത്തിൽ 5-6 തവണ ലൈംഗികമായി വഴങ്ങേണ്ടി വരുമെന്നുമാണ് ആ പ്രമുഖൻ ആവശ്യപ്പെട്ടത്. ​താൻ ഈ ഉപാധി ശക്തമായി എതിർത്തപ്പോൾ, ‘ഈ ഇൻഡസ്ട്രിയിൽ ഇതൊന്നുമില്ലാതെ ഒന്നും നടക്കില്ല, നീ വർഷങ്ങൾ കഴിഞ്ഞാലും ഇതെയോർത്ത് വിഷമിക്കും’ എന്ന് പറഞ്ഞ് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും ആകാശ്‍ക വെളിപ്പെടുത്തി.

​എന്നിരുന്നാലും ആ ഓഫർ നിരസിച്ച് സ്വന്തം കഠിനാധ്വാനം കൊണ്ട് ഇന്ന് വലിയൊരു വേദിയിലെത്താൻ തനിക്ക് കഴിഞ്ഞുവെന്ന് ആകാശ്‍ക ചൗദരി വ്യക്തമാക്കിയപ്പോൾ, ഷോയുടെ അവതാരകരായ ഫറാ ഖാനും റിതേഷ് ദേശ്മുഖും താരത്തിന്റെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തി. വിനോദമേഖലയിലെ പ്രമുഖർ പോലും ഇത്തരം ചൂഷണങ്ങൾക്ക് മുതിരുന്നു എന്നതിന്റെ മറ്റൊരു ഞെട്ടിക്കുന്ന തെളിവായിരിക്കുകയാണ് ഈ വെളിപ്പെടുത്തൽ.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →