Monday, 17 August 2026
‘Honest storytelling is a powerful means of change
08:22:29 AM IST
Kerala

വാഗ്ദാനം 230, തറക്കല്ലിട്ടത് 50, ഇപ്പോഴുള്ളത് പൂജ്യം; വയനാട് പുനരധിവാസത്തിന്റെ പേരിൽ കോൺഗ്രസ് നടത്തുന്നത് കണ്ണിൽപ്പൊടിയിടൽ നാടകം; പിരിച്ച കോടികൾ എവിടെയെന്ന് ചോദ്യം

SHARE

ഉരുൾപൊട്ടൽ ദുരന്തം കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയപ്പോൾ, എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് തണലൊരുക്കാൻ എത്തിയ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കപ്പെട്ടു എന്ന് തിരിഞ്ഞു നോക്കേണ്ട സമയമാണിത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി ആളുകൾ താമസം തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ഇതിനൊപ്പം മത്സരിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ‘ഭവന നിർമ്മാണ പദ്ധതി’ എവിടെയെത്തി? ദുരന്തബാധിതർക്ക് നൽകാനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെപ്പോയി? ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്കു മുന്നിൽ വിയർക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.

​ദുരന്തം നടന്ന സമയത്ത് നൂറുകണക്കിന് വീടുകൾ നിർമ്മിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെതിരെ വ്യാപക ക്യാമ്പയിൻ നടത്തിയാണ് അന്ന് കോൺഗ്രസ് കോടികൾ പിരിച്ചത്. എന്നാൽ പിരിച്ച പണം എന്ത് ചെയ്തുവെന്ന ചോദ്യം ഉയർന്നപ്പോൾ, തടിയൂരാനായി പുതിയൊരു നാടകം ആരംഭിച്ചു. പ്രഖ്യാപിച്ച വീടുകളുടെ എണ്ണം ചുരുങ്ങി 50 ആയി. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് അതിൽത്തന്നെ വളരെ കുറച്ച് വീടുകളുടെ പണി മാത്രമാണ് പേരിനെങ്കിലും നടക്കുന്നത്. ബാക്കി വീടുകളും അതിനായി ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണവും എവിടെപ്പോയെന്ന് ചോദിച്ചാൽ നേതാക്കൾക്ക് മിണ്ടാട്ടമില്ല.

​തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് വീട് നിർമ്മാണം എന്ന പേരിൽ ഒരു പ്രഹസനത്തിന് കോൺഗ്രസ് നേതൃത്വം പിന്നീട് തയ്യാറായത്. മേപ്പാടി കുന്നമ്പറ്റയിലെ കാട്ടാന ശല്യമുള്ള കാപ്പിത്തോട്ടത്തിൽ വെച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് 50 വീടുകൾക്ക് വലിയ ആഘോഷമായി തറക്കല്ലിട്ടു. അടുത്ത ദിവസം തന്നെ നിർമ്മാണം തുടങ്ങുമെന്നായിരുന്നു വമ്പൻ പ്രഖ്യാപനം. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അവിടെ കാര്യമായ ഒരു നിർമ്മാണവും നടന്നിട്ടില്ല. പേരിന് വിരലിലെണ്ണാവുന്ന തൊഴിലാളികളും കുറച്ചു നിർമ്മാണ സാമഗ്രികളും മാത്രമാണ് അവിടെയുള്ളത്.

​സർക്കാർ ടൗൺഷിപ്പിന് കല്ലിട്ടപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വലിയൊരു വാഗ്ദാനമാണ് നൽകിയത്. സർക്കാരിന്റെ ടൗൺഷിപ്പിനൊപ്പം തന്നെ കോൺഗ്രസിന്റെ വീടുകളും ഉയരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗ്. ഇന്ന്, സർക്കാർ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാക്കി ദുരന്തബാധിതർ അവിടെ താമസം ആരംഭിച്ചു കഴിഞ്ഞു. പക്ഷേ, സതീശൻ പറഞ്ഞ കോൺഗ്രസിന്റെ ഒരു വീട് പോലും ഇതുവരെ പൂർത്തിയായിട്ടില്ല.

ദുരന്തത്തെപ്പോലും രാഷ്ട്രീയ നേട്ടങ്ങൾക്കും പണപ്പിരിവിനുമുള്ള അവസരമായി മാറ്റിയോ എന്ന ഗുരുതരമായ ചോദ്യമാണ് കോൺഗ്രസ് നേതൃത്വത്തിന് നേരെ ഉയരുന്നത്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ ക്യാമറകൾക്ക് മുന്നിൽ ‘കല്ലിടൽ നാടകങ്ങൾ’ നടത്തിയതൊഴിച്ചാൽ, എല്ലാം നഷ്ടപ്പെട്ട പാവങ്ങൾക്ക് തലചായ്ക്കാൻ ഒരു ഇടം നൽകാൻ കോൺഗ്രസിനായിട്ടില്ല. സ്വന്തം അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് കൃത്യമായ കണക്ക് നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. ജനങ്ങളോട് കാണിക്കുന്ന ഈ വലിയ വഞ്ചനയ്ക്ക് മറുപടി പറയേണ്ടത് കെപിസിസി നേതൃത്വമാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →