Sunday, 9 August 2026
‘Honest storytelling is a powerful means of change
03:47:09 PM IST
Kerala

മന്ത്രിമാരോട് ചുമതലയുള്ള ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശിച്ചു മുഖ്യമന്ത്രി; മന്ത്രിമാരും ജില്ലാ കളക്ടര്‍മാരും മഴക്കെടുതി സാഹചര്യം വിലയിരുത്തി

ന്യൂസ് ഡെസ്ക് 1 August 2026, 4:04 pm
SHARE

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം തുടരുമ്പോള്‍ മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരോട് ജില്ലകളുടെ ചുമതലയുള്ള ഇടത്ത് തന്നെ ക്യാമ്പ് ചെയ്യാനും നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയില്‍ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വഹിക്കും.മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എ.മാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി. രണ്ടുപേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.

ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയില്‍ ഉരുള്‍പൊട്ടി നാലുപേര്‍ മരിച്ചു. പത്തനംതിട്ട റാന്നി ടൗണില്‍ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴാം വാര്‍ഡില്‍ മഷിക്കല്ലേല്‍ സുമതി മരിച്ചു. വാഗമണ്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72) മരിച്ചു.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയാണ്. മൂന്നിലവില്‍ ഉരുള്‍ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍ രാജേഷിന്റെ വീട് പൂര്‍ണമായും ഒലിച്ച് പോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് മണ്ണിനടിയിലായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുള്‍പൊട്ടി. കൂട്ടിക്കല്‍ ടൗണില്‍ വെള്ളം കയറി. മുണ്ടക്കയം കോസ്വെ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. നടക്കല്‍, മുരിക്കോരി ഭാഗങ്ങളില്‍ വെള്ളം കയറി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →