പി എം കെയേഴ്സ് ഫണ്ടിൽ കോടികൾ എവിടെ? 2022-23ന് ശേഷമുള്ള കണക്കുകൾ മറച്ചു വെച്ച് കേന്ദ്ര സർക്കാർ
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രൂപീകരിച്ച പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്കൊഴുകിയ കോടിക്കണക്കിന് രൂപയുടെ വിവരങ്ങൾ അജ്ഞാതം. ഫണ്ടിന്റെ 2022-23 സാമ്പത്തിക വർഷത്തിന് ശേഷമുള്ള യാതൊരു ഓഡിറ്റ് റിപ്പോർട്ടുകളും കേന്ദ്ര സർക്കാർ ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 2020 മാർച്ചിൽ പ്രധാനമന്ത്രി അധ്യക്ഷനായ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായാണ് പിഎം കെയേഴ്സ് ആരംഭിച്ചത്. എന്നാൽ, അവസാനമായി പുറത്തുവിട്ട 2022-23 ലെ കണക്കുകൾ ഫണ്ടിലെ ഭീമമായ തുകയുടെ ബാക്കിയിരിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 912.21 കോടി രൂപയാണ് ഫണ്ടിലേക്ക് ഒഴുകിയെത്തിയത്. ഇതിൽ 909.64 കോടി രൂപ രാജ്യത്തിനകത്ത് നിന്നും, 2.57 കോടി രൂപ വിദേശത്ത് നിന്നും ലഭിച്ച സംഭാവനകളാണ്. ആയിരത്തോളം കോടി രൂപ ഒരു വർഷം ലഭിച്ചിട്ടും, ആ വർഷം കേവലം 439 കോടി രൂപ മാത്രമാണ് ഫണ്ടിൽ നിന്ന് ചിലവഴിച്ചത്.
2023 മാർച്ച് 31-ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പിഎം കെയേഴ്സ് ഫണ്ടിന്റെ അക്കൗണ്ടിൽ ഉപയോഗിക്കാതെ കിടക്കുന്നത് 6,284 കോടി രൂപയാണ്. മുൻ വർഷത്തെ 5,416 കോടി രൂപയെ അപേക്ഷിച്ച് ഫണ്ടിലെ തുകയിൽ 16 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ഇത്രയും വലിയ തുക ബാക്കിയിരിക്കെയാണ്, പിന്നീടുള്ള സാമ്പത്തിക വർഷങ്ങളിലെ വരവ് ചെലവ് കണക്കുകൾ സർക്കാർ പൂർണ്ണമായും മറച്ചുവെച്ചിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ഫണ്ടിന്റെ വിവരങ്ങൾ തേടിയുള്ള അപേക്ഷകൾ സർക്കാർ നിരന്തരം തള്ളിക്കളയുകയാണ്. മാത്രമല്ല, സർക്കാർ ഫണ്ടുകൾ പരിശോധിക്കുന്ന സിഎജിയെ ഒഴിവാക്കി, ഒരു സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തെയാണ് ഫണ്ട് ഓഡിറ്റ് ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത് എന്നതും സുതാര്യതയില്ലായ്മയുടെ വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ വിഹിതം ഇതിലേക്ക് ലഭിക്കുന്നില്ലെങ്കിലും, പൊതുജനങ്ങളിൽ നിന്നും കോർപ്പറേറ്റ് കമ്പനികളിൽ നിന്നും ശേഖരിച്ച ആയിരക്കണക്കിന് കോടി രൂപ എന്തിന് വേണ്ടി ചെലവഴിച്ചു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന ചർച്ചകൾക്കാണ് ഈ റിപ്പോർട്ട് വീണ്ടും തിരികൊളുത്തുന്നത്.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന