മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി അതിവേഗം കണ്ടെത്താം; പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം

മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ പിടികൂടാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം. മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഐഎംഇഐ നമ്പര്‍ സമാഹരിച്ച് ഉപയോഗം തടയാനും ഫോണുകള്‍ കണ്ടെത്താനുമുള്ള സംവിധാനമാണ് നിലവില്‍ വരുക. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം അടുത്തയാഴ്ച നിലവില്‍ വരുമെന്നാണു ടെലികോം മന്ത്രാലയം അധികൃതര്‍ നല്‍കുന്ന വിവരം.

മൊബൈല്‍ മോഷ്ടിക്കപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ പ്രത്യേക വെബ്‌സൈറ്റില്‍ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യുക. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുന്നതു തടയുകയും ചെയ്യും. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ ബ്ലാക്ക് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കേണ്ടതുമുണ്ട്. തുടര്‍ന്ന് ഹെല്‍പ്‌ലൈന്‍ നമ്പറിലൂടെ ടെലികോം വകുപ്പിനെയും അറിയിക്കുക. ഫോണ്‍ മോഷണം സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകളും റിപ്പോര്‍ട്ടിനൊപ്പം നല്‍കണം.