വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ പിഴവ്!

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ പിഴവ് കണ്ടെത്തി ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍. വാട്‌സ് ഗ്രൂപ്പില്‍ ആര്‍ക്കു വേണമെങ്കിലും അനുവാദമില്ലാതെ ചാറ്റില്‍ പ്രവേശിക്കാനാവുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. റൗര്‍ സര്‍വ്വകശാലയിലെ എന്‍ക്രിപ്‌റ്റോഗ്രഫര്‍മാരുടെ സംഘം സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫ്‌റന്‍സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വൈറസിന്റെ സഹായത്തോടെയാണ് ഈ കടന്നു കയറ്റം നടക്കുക. സാധാരണ ഗതിയില്‍ പുതിയൊരു അംഗത്തെ ഉള്‍പ്പെടുത്തുന്നതിന് ഗ്രൂപ്പിന്റെ അഡ്മിന്‍ ക്ഷണം ലഭിക്കണം. എന്നാല്‍ ഇപ്രകാരം ക്ഷണിക്കുമ്പോള്‍ ഇത് ആധികാരികമാണോയെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്സ്ആപ്പിലില്ല. ഈ പിഴവ് മുതലെടുത്താണ് മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ നുഴഞ്ഞുകയറാനാവുന്നത്. അനധികൃതമായി സെര്‍വറിന്റെ നിയന്ത്രണം ലഭിക്കുന്ന ആള്‍ക്ക് ഗ്രൂപ്പിലെ ഏതു സന്ദേശവും, വായിക്കാനും, ബ്ലോക്ക് ചെയ്യാനും സന്ദേശങ്ങള്‍ വഴിതിരിച്ചുവിടാനും സാധിക്കും.

സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ രണ്ടുവര്‍ഷം മുമ്പു മുതല്‍ വാട്‌സാപ്പ് എന്‍ഡ് ടു എന്‍ഡ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ സുരക്ഷാവേലിയും ചാടിക്കടനാവുമെന്നാണ് പുതിയ കണ്ടെത്തലുകള്‍ വെളിവാക്കുന്നത്.