ചിത്രങ്ങള്‍ മാറിഅയച്ച് ഇനി പൊല്ലാപ്പാവില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചിത്രങ്ങള്‍ അയക്കുമ്പോള്‍ ആളുമാറി അബദ്ധം പറ്റാതിരിക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ ക്യാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം സ്വീകരിക്കുന്നയാളുടെ പേരും കൂടി ഇനി കാണാന്‍ സാധിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ അയക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനായ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഇനിമുതല്‍ ചിത്രങ്ങള്‍ അയക്കുമ്പോല്‍ ക്യാപ്ഷന്‍ കുറിക്കുന്നതിന്റെ ഇടതു ഭാഗത്ത് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രത്തിനൊപ്പം ഇനി പേരും കാണാം. ഇതിലൂടെ ഉദ്ദേശിക്കുന്ന ആള്‍ക്കു തന്നെയാണോ സന്ദേശം ചെല്ലുന്നതെന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്താന്‍ സഹായിക്കും.

ഇത്തരത്തില്‍ ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോഴും ഗ്രൂപ്പിന്റെ പേര് ഇതുപോലെ കാണാനാവും. വാട്‌സാപ്പിന്റെ ഐഒഎസ് പതിപ്പില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. ആന്‍ഡ്രോയിഡില്‍ വന്ന സ്ഥിതിക്ക് ഐഒഎസിലും ഈ ഫീച്ചര്‍ അധികം വൈകാതെ എത്തിയേക്കും.