ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ നീക്കവുമായി വാട്‌സ്ആപ്പ്: വ്യാജവാര്‍ത്തകള്‍ അറിയാന്‍ പുതിയ മാര്‍ഗം

വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത് തലവേദനയാകുന്ന വാട്‌സ്ആപ്പ് അത് തടയാനുള്ള പുതിയ പോംവഴിയുമായി രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി പുതിയ സംവിധാനമാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒരുക്കുന്നത്.

വാട്‌സ്ആപ്പിലൂടെ വരുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും വ്യാജമാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. 9643-000-888 എന്ന നമ്പറിലേക്ക് സംശയം തോന്നുന്ന ചിത്രങ്ങള്‍, വീഡിയോ, ടെക്‌സ്റ്റ് എന്നിവ അയച്ചു കൊടുത്താല്‍ വ്യാജമാണോയെന്ന് പരിശോധിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് കമ്പനി ഒരുക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളില്‍ പുതിയ സേവനം ലഭ്യമാകും. അതേസമയം, ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നീ രണ്ട് അപ്‌ഡേറ്റുകളും വാട്‌സ്ആപ്പ് നല്‍കുമെന്നാണ് വിവരം.

നിങ്ങള്‍ മറ്റൊരാള്‍ക്കു അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള ഫീച്ചറാണ് ഫോര്‍വേഡിംഗ് ഇന്‍ഫോ. ഇതിനായി സന്ദേശങ്ങളില്‍ അല്‍പനേരം അമര്‍ത്തി പിടിക്കുക. മുകളില്‍ കാണുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞടുത്താല്‍ കണക്കുകള്‍ കൃത്യമായി അറിയാം. നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങിനെ ലഭിക്കൂ. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നു അറിയാന്‍ കഴിയില്ല.

ഒരു മെസേജ് വലിയ തോതില്‍ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്. നാലു തവണയില്‍ കൂടുതല്‍ പങ്കു വെയ്ക്കുന്ന സന്ദേശങ്ങളുടെ മുകളില്‍ ഈ ലേബല്‍ പ്രത്യക്ഷപ്പെടുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ 2.19.87 ആന്‍ഡ്രോയിഡ് പതിപ്പിലാണ് വരുന്നത്.