കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതല്‍ ഡാറ്റ; പുതിയ ഓഫറുകളുമായി വീണ്ടും ജിയോ

മൂന്ന് ആഴ്ച്ചക്കിടെ മൂന്നാമത്തെ വമ്പന്‍ ഓഫറുകളുമായി വീണ്ടും റിലയന്‍സ് ജിയോ. കുറഞ്ഞ തുകയുടെ ടോപ്പ്അപ് പ്ലാനുകളാണ് ജിയോ തിങ്കളാഴ്ച അവതരിപ്പിച്ചത്. 11, 21, 51, 101 എന്നീ ആഡ് ഓണ്‍ പായ്ക്കുകളാണ് ജിയോ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. 11 രൂപ ടോപ് അപ്പില്‍ 400 എംബി ഡേറ്റയാണ് ലഭിക്കുക. അതായത് ഒരു ജിബി ഡേറ്റയ്ക്ക് 28.16 രൂപ. 21 രൂപ ടോപ് അപ്പില്‍ ഒരു ജിബി ഡേറ്റയാണ് നല്‍കുന്നത്. 51 രൂപ വൗച്ചറില്‍ 3 ജിബി ഡേറ്റയും ലഭിക്കും. അതായത് ഒരു ജിബി ഡേറ്റയ്ക്ക് 17 രൂപ.

101 രൂപയുടെ ടോപ് അപ്പില്‍ ആറു ജിബി ഡേറ്റ ലഭിക്കും. ഒരു ജിബി ഡേറ്റയ്ക്ക് 16.83 രൂപ നല്‍കിയാല്‍ മതി. ദിവസം ഒരു ജിബി ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക് തികയാതെ വരുമ്പോള്‍ നാല് ടോപ് അപ്പുകളും ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് പ്ലാനിലെ പരിധി കഴിഞ്ഞതിനു ശേഷമാണ് ടോപ് അപ്പ് ഡേറ്റ ഉപയോഗിക്കുക.

ഈ ഡേറ്റകള്‍ ദിവസം അവസാനിക്കുമ്പോള്‍ നഷ്ടമാവില്ല എന്നതാണ് ഈ ഓഫറിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ പ്രധാന പ്ലാന്‍ തീരുന്നതിന് മുന്‍പ് ഉപയോഗിച്ചു തീര്‍ക്കണമെന്നതാണ് ഇതിലെ പരിമിതി. പരിധിയില്ലാത്ത പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ലഭിക്കുമ്പോള്‍, ഉപയോഗിക്കാത്ത ഡേറ്റ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാന്‍ കഴിയില്ല. ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ജിയോ വക്താക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.