വീഡിയോ കോളിംഗ് വിസ്‌ഫോടനം മുതലാക്കാന്‍ ജിയോ; പുതിയ ആപ്ലിക്കേഷന്‍ വരുന്നു

ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്‌ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ തന്നെ അത്തരം വീഡിയോ കോളിംഗ് ആപ്പുകള്‍ക്കും സുവര്‍ണകാലമാണ് ഇപ്പോള്‍. ഈ സാഹചര്യം മുതലാക്കി പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുമായി വരാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ജിയോ. ജിയോ മീറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ എത്രയും വേഗത്തില്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

ജിയോ മീറ്റ് വഴി ഒരേസമയം നൂറ് പേരെ വരെ വിളിക്കാനാകും. എന്നാല്‍ ജിയോമീറ്റ് എപ്പോള്‍ സമാരംഭിക്കുമെന്ന് കൃത്യമായൊരു തിയതി റിലയന്‍സ് ജിയോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏതാനും ആഴ്ചകളോ അല്ലെങ്കില്‍ ദിവസങ്ങള്‍ക്കോ ഉള്ളില്‍ തന്നെ അത് പ്രതീക്ഷിക്കാം.

ഏറെക്കാലമായി പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോം പുറത്തിറക്കാന്‍ ഉചിതമായ സമയമാണ് ജിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള മറ്റ് ജനപ്രിയ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളായ സൂം, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ റൂംസ്, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ് എന്നിവയാകും ജിയോയുടെ എതിരാളികള്‍.