വാട്ട്‌സ്ആപ്പിന് പുതിയ അപ്‌ഡേറ്റ്: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് യൂട്യൂബ് വീഡിയോ ആപ്പില്‍ തന്നെ പ്ലേ ചെയ്ത് കാണാം

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു. വാട്ട്‌സ്ആപ്പ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണുവാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. സുഹൃത്തുക്കള്‍ അയച്ചുതരന്ന യൂട്യൂബ്, ഫെയ്‌സ്ബുക്ക് വീഡിയോ ലിങ്കുകള്‍ വാട്ട്‌സ്ആപ്പില്‍ തന്നെ പ്ലേ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണിത്.

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അധികം താമസമില്ലാതെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കുമെന്നാണ് സൂചന. നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്ട്‌സ്ആപ്പില്‍ ഇനി യൂട്യൂബ് വീഡിയോ പ്ലേ ആകുന്നത്.

ഇത്രകാലം യൂട്യൂബ് ഫെയ്‌സ്ബുക്ക് വീഡിയോ ലിങ്കുകള്‍ തുറന്ന് അതാത് ആപ്പുകളില്‍ പോയാല്‍ മാത്രമെ വീഡിയോ കാണാന്‍ സാധിക്കുകയുള്ളായിരുന്നു. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഇപ്പോള്‍ വീഡിയോ ഡൗണ്‍ലോഡ് ആയിക്കഴിഞ്ഞാല്‍ പ്ലേ ബട്ടണോട് കൂടി ആപ്പില്‍ തന്നെ പ്ലേ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.