1500 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍; എതിരാളികളെ തറപറ്റിക്കാന്‍ ജിയോ

എതിരാളികളെ തറപറ്റിക്കാന്‍ റിലയന്‍സ് ജിയോ വീണ്ടും വിപണന തന്ത്രവുമായി എത്തുന്നു.ലൈഫ് ബ്രാന്‍ഡില്‍ ആന്‍ഡ്രോയിഡ് ഗോ 4 ജി വോള്‍ട്ടി ഫോണുമായാണ് ജിയോ ഇത്തവണ രംഗത്തെത്തുന്നത്.

തായ് വാന്‍ ചിപ്‌സിന്റെ നിര്‍മ്മാതാക്കളായ മീഡിയ ടെക്കുമായി ചേര്‍ന്നാണ് ജിയോ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നത്. അടുത്തിടെ ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് നല്‍കിയ ഓഫറുകള്‍ തന്നെയായിരിക്കും ഈ ഫോണുകള്‍ക്കും കമ്പനി നല്‍കുക. മികച്ച ഓഫറുകളോടൊപ്പം, സൗജന്യ സിംകാര്‍ഡും ഫോണിനൊപ്പം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മറ്റ് ടെലികോം കമ്പിനികള്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് 1500 രൂപ വിലവരുന്ന ഫോണുകള്‍ പുറത്തിറക്കാനിരിക്കെയാണ് ജിയോ അതിലും ചെലവ് കുറഞ്ഞ് ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഉപഭോക്താക്കളിലില്‍ നിന്ന് മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് സ്മാര്‍ട്‌ഫോണുകള്‍ അതിവേഗം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റിലയന്‍സ് അധികൃതര്‍ പറയുന്നു.

വരുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണിലേക്ക് മാറാനിരിക്കുന്ന 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കുറഞ്ഞ ചെലവില്‍ പുത്തന്‍ പദ്ധതിയുമായി ജിയോ എത്തുന്നതെന്നാണ് സൂചന.