ഗൂഗിൾ, ജിമെയിൽ, യൂട്യൂബ് സേവനങ്ങൾ ലോകമെമ്പാടും പ്രവർത്തനരഹിതമായി

 

നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ചു കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഗൂഗിൾ സേവനങ്ങൾ  പെട്ടെന്ന് പ്രവർത്തനരഹിതമായി. ജിമെയിൽ, ഗൂഗിൾ സെർച്ച്, യൂട്യൂബ്, ഗൂഗിൾ മാപ്സ് എന്നിവ പ്രവർത്തനരഹിതമായ സേവനങ്ങളിൽ ഉൾപ്പെടുന്നു.

സേവനങ്ങളുടെ ഔട്ടേജ് (പ്രവർത്തനരഹിതമാകൽ) നേരത്തെ സംഭവിച്ചിട്ടുള്ളതിനേക്കാൾ തീവ്രമാണ് എന്നാണ് റിപ്പോർട്ടുകൾ. വെബ് ഔട്ടേജുകൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺ‌ഡെറ്റെക്ടർ ലോകമെമ്പാടുമുള്ള 20,000 ഔട്ടേജ് കേസുകൾ റിപ്പോർട്ട് ചെയ്തു.

യൂട്യൂബ്, ജിമെയിൽ എന്നിവയെയാണ് പ്രവർത്തനരഹിതമാകൽ ആഗോളതലത്തിൽ കൂടുതലായി ബാധിച്ചിരിക്കുന്നത്, ആഴ്ചയിലെ ആദ്യ ദിവസം തന്നെ ഇത്തരത്തിൽ സേവനങ്ങൾ നിലച്ചതിനെ ചൊല്ലി ട്വീറ്റുകളുടെ പ്രവാഹമാണ് നിലവിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്.

അതേസമയം ഓൺലൈൻ സേവനങ്ങൾക്കായുള്ള ഗൂഗിളിന്റെ ട്രാക്കർ അപ്‌ഡേറ്റു ചെയ്‌തിട്ടില്ല. ജിമെയിൽ, യൂട്യൂബ് പോലുള്ള എല്ലാ ഗൂഗിൾ സേവനങ്ങളും പ്രവർത്തനരഹിതമായിട്ടും, ഗൂഗിൾ സേവനങ്ങൾ‌ക്കായുള്ള സ്റ്റാറ്റസ് പേജിൽ ഒരു തകരാറും കാണിക്കുന്നില്ല. അതിൽ ഒരു പച്ച ഡോട്ട് ആണ് ഇപ്പോൾ കാണിക്കുന്നത്, അതിനർത്ഥം സേവനങ്ങൾ തത്സമയമാണെന്നും പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കുന്നുണ്ടെന്നുമാണ്. ഒരുപക്ഷെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കാൻ ഗൂഗിൾ സെർവറുകൾ കുറച്ച് സമയമെടുത്തേക്കും. ചില ആളുകൾക്ക്, ഗൂഗിൾ സെർച്ച് ലഭിക്കുന്നുണ്ട് എന്നാൽ ചില ഉപയോക്താക്കൾക്ക് അതുപോലും ലഭിക്കുന്നില്ല.