ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ് ആശംസ ഇന്റര്‍നെറ്റിന് താങ്ങാനാകുന്നില്ല, പ്രതിവിധി തങ്ങളുടെ ആപ്പെന്ന് ഗൂഗിള്‍

നേരം വെളുത്താല്‍ പിന്നെ ശുഭദിനാംശകളുടെ പ്രളയമാണ്. ഇന്‍ ബോക്‌സുകള്‍ ഗുഡ് മോണിംഗ് ആശംസകളാല്‍ നിറഞ്ഞ് കവിയും. ഇത് എല്ലാവരും തന്നെ നിത്യം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇന്ത്യക്കാരുടെ ഗുഡ് മോണിനംഗ് ആശംസകളോടുള്ള ഈ പ്രണയം ഇന്റര്‍നെറ്റിനും തലവേദനയായിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഗുഡ്മോണിങ് ഇന്റര്‍നെറ്റിന് താങ്ങാനാകുന്നില്ലെന്നാണ് അവരുടെ വാദം.

ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഇന്ത്യക്കാരുടെ ഗുഡ് മോര്‍ണിങ് മെസേജുകളോടുള്ള “അമിത പ്രണയം” കണ്ടെത്തിയത്. ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുറമെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നിലൊന്നിന്റെ മെമ്മറി നിറയുന്നതും ഗുഡ് മോര്‍ണിങ് മെസേജ് മൂലമാണ്. വികസിത രാജ്യമായ അമേരിക്കയില്‍ ഇത് പത്തില്‍ ഒന്ന് മാത്രമാണ്. ടെക്സ്റ്റിന് പുറമെ, പൂക്കള്‍, ഉദയസൂര്യന്‍, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് ഇന്ത്യക്കാര്‍ സന്ദേശത്തില്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റും ഫോണ്‍ മെമ്മറിയും വിഴുങ്ങാന്‍ ഇതാണ് പ്രധാന കാരണമാകുന്നത്.

ഇന്ത്യയില്‍ 65 കോടി ആളുകളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഇതില്‍ 30 കോടി ആളുകളും സ്മാര്‍ട്ട് ഫോണിന്റെ ഉപയോക്താക്കളാണ്. ഇവര്‍ ഉള്‍പ്പെടെ മൊത്തം 40 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഇന്ത്യയില്‍ ഉണ്ട്. ഡാറ്റാബേസിന്റെയും നിര്‍മിത ബുദ്ധയുടെയും സഹായത്തോടെ ഇത്തരം മെസേജുകള്‍ ഗൂഗിള്‍ വേര്‍തിരിച്ചിരുന്നു. ഇമേജ് ഫയല്‍, സൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് തരംതിരിച്ചതെന്നും വുഡ്വാര്‍ഡ് അറിയിച്ചു. കുഞ്ഞുങ്ങളുടെ ചിത്രത്തില്‍ ഗുഡ് മോര്‍ണിങ് ആലേഖനം ചെയ്തവയായിരുന്നു ഇതില്‍ അധികവും.

ഈ പ്രശ്‌നത്തെ മറികടക്കാന്‍ ഡിസംബര്‍ മാസം ഗൂഗിള്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. “ഫയല്‍സ് ഗോ” എന്ന ആപ്പ് ഫോണില്‍ ഫ്രീ സ്‌പേസ് ഒരുക്കാന്‍ സഹായിക്കും. ഫയല്‍ ഗോ ആപ്പ് ഫോണിന്റെ സഹായത്തോടെ ഒരു ജിബി വരെ ഫ്രീ സ്‌പേസ് നല്‍കും. ആന്‍ഡ്രോയിഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള “ഫയല്‍ ഗോ” ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. ഒരു കോടിയലേറെ പേര്‍ ഇതിനോടകം ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇവരില്‍ കൂടുതലും ഇന്ത്യക്കാര്‍ തന്നെ.