സൗദി അറേബ്യക്കാരി 'യന്ത്രസുന്ദരി' സോഫിയാ ഇന്ത്യയിലേക്ക്‌

സൗദി അറേബ്യ പൗരത്വം നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ യന്ത്രവനിത സോഫിയ 30 ന് ഇന്ത്യയില്‍. മുംബൈയില്‍ 29 മുതല്‍ 30 വരെ നടക്കുന്ന വാര്‍ഷിക ശാസ്ത്ര-സാങ്കേതിക മീറ്റായ “ടെക്‌ഫെസ്റ്റിലെ” പ്രത്യേക അതിഥിയായാണ് സോഫിയ ഇന്ത്യയിലെത്തുന്നത്.ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബട്ടിക്‌സ് കമ്പനിയുടെ സ്ഥാപകന്‍ ഡേവിഡ് ഹാന്‍സണ്‍ രൂപകല്‍പന ചെയ്ത യന്ത്രവനിതയ്ക്ക് 50ല്‍ പരം ഭാവങ്ങള്‍ പ്രകടിപ്പിക്കാനാകും.

സോഫിയയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ സുന്ദരിയായ യുവതിയാണെന്നേ തോന്നൂ. ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ചിരിക്കുകയും സങ്കടപ്പെടുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യും. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ ഛായയിലാണു സോഫിയയെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. തിളങ്ങുന്ന കണ്ണുകളില്‍ ഒളിപ്പിച്ച ക്യാമറയും സോഫ്റ്റ്വെയറും ആളുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

ഒക്ടോബറില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണു യന്ത്രവനിതയ്ക്കു പൗരത്വം നല്‍കി സൗദി ചരിത്രമെഴുതിയത്.ആദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രൂപകല്‍പന ചെയ്ത സോഫിയയ്ക്കു മനുഷ്യനെപ്പോലെ കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കാനും ചിന്തിച്ച് പ്രതികരിക്കാനും യോഗ്യമായ തീരുമാനങ്ങളെടുക്കാനും സാധിക്കും.

ചിരിച്ചും ചിന്തിച്ചും മനുഷ്യരോടൊപ്പം ജോലി ചെയ്ത് ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നതിനു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പൗരത്വ പ്രഖ്യാപന ചടങ്ങില്‍ സോഫിയ പറഞ്ഞിരുന്നു.